സപ്ലൈകോയിൽ അവശ്യ സാധനങ്ങൾക്ക് ക്ഷാമം

Thursday 15 May 2025 12:15 AM IST

തിരുവനന്തപുരം: സപ്ലൈകോയിൽ അവശ്യസാധനങ്ങളുടെ സ്റ്റോക്ക് തീരുന്നു. പുതിയ സ്റ്റോക്ക് എത്തിക്കാൻ ടെൻഡർ വിളിച്ചെങ്കിലും വിതരണക്കാരിൽ മിക്കവരും വിട്ടുനിന്നു. കുടിശ്ശിക പണം ലഭിക്കാത്തതാണ് കാരണം. സബ്സിഡി പച്ചരിക്ക് ഉൾപ്പെടെ ക്ഷാമം. മുളക്, ഉഴുന്ന്, പഞ്ചസാര എന്നിവയുടെയും സ്റ്റോക്ക് പരിമിതം.

300 കോടി രൂപയിലേറെയാണ് വിതരണക്കാർക്ക് നൽകാനുള്ളത്. വിപണി ഇടപെടലിനുള്ള സബ്സിഡി തുക സർക്കാർ അനുവദിക്കാത്തതാണ് സപ്ലൈകോയെ വീണ്ടും പ്രതിസന്ധിയിലാക്കിയത്. വിഷു- റംസാൻ- ഈസ്റ്റർ ഫെയറിനായി ധന വകുപ്പ് 100 കോടി അനുവദിച്ചിരുന്നു. ഈ ബലത്തിൽ കുടിശിക പണം നൽകാമെന്ന് പറഞ്ഞ് വിതരണക്കാരെ അനുനയിപ്പിച്ചാണ് നേരത്തെ സാധനങ്ങൾ എത്തിച്ചത്. എന്നാൽ നൂറു കോടി ഇതു വരെ സപ്ലൈകോയുടെ അക്കൗണ്ടിലെത്തിയിട്ടില്ല. പണമില്ലാതെ ഇനി സാധനം എത്തിക്കില്ലെന്ന നിലപാടിലാണ് വിതരണക്കാർ. അടിയന്തരമായി 500 കോടി രൂപ ആവശ്യപ്പെട്ട് ഭക്ഷ്യ വകുപ്പ് കത്ത് നൽകിയിട്ട് മാസങ്ങളായി.

വിതരണക്കാർക്കുള്ള കുടിശ്ശിക തുക വിറ്റുവരവിൽ നിന്ന് സപ്ലൈകോ തവണകളായി നൽകിയത് കൊണ്ടാണ്

കുറച്ചു നാളായി അവശ്യസാധനങ്ങളുടെ ദൗർലഭ്യം എല്ലാ ഔട്ട്ലറ്റിലും ഉണ്ടാകാതിരുന്നത്.

1325 കോടിയാണ് വിപണി ഇടപെലിന്റെ സബ്സ‌ിഡി ഇനത്തിൽ മാത്രം സർക്കാർ സപ്ലൈകോയ്ക്ക് നൽകാനുള്ളത്.

പണമില്ലാത്തതിനാൽ വിഷുവിന് പ്രത്യേക ഫെയറുകളൊന്നും സംഘടിപ്പിച്ചതുമില്ല.