യുവ മോഡൽ വീട്ടിനുള്ളിൽ മരിച്ച നിലയിൽ, അന്വേഷണമാരംഭിച്ച് പൊലീസ്
ഗാന്ധിനഗർ: 23കാരിയായ മോഡലിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. ഗുജറാത്തിലെ അത്‌വ സ്വദേശിയായ അഞ്ജലി വർമോറയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വീടിനുള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടില്ല.
യുവതി മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാൽ മരണകാരണത്തിൽ വ്യക്തയില്ല. അഞ്ജലി വികാരനിർഭരമായ കുറിപ്പുകൾ സമൂഹമാദ്ധ്യങ്ങളിൽ അടുത്തിടെ പങ്കുവച്ചിരുന്നു. പ്രണയബന്ധം തകർന്നതിന്റെ സൂചന നൽകുന്നതായിരുന്നു ഇവയെന്ന് പൊലീസ് പറയുന്നു. 'ഞാൻ നിനക്കൊന്നും ആയിരുന്നില്ലെന്ന് എനിക്ക് മനസിലായി' എന്ന കുറിപ്പോടെയുള്ള റീൽ മരിക്കുന്നതിന് തലേദിവസം യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. 37,000ൽ അധികം ഫോളോവേഴ്‌സാണ് അഞ്ജലിക്ക് ഇൻസ്റ്റാഗ്രാമിലുള്ളത്.
യുവ മോഡലിന്റെ ഫോൺ രേഖകൾ പൊലീസ് പരിശോധിക്കുകയാണ്. ബന്ധുക്കളിൽ നിന്നടക്കം മൊഴിയെടുത്തു. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി.