അഹമ്മദാബാദ് വിമാനാപകടം; അന്വേഷണത്തിന് ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്രസർക്കാർ

Saturday 14 June 2025 7:57 AM IST

അഹമ്മദാബാദ്: എയർഇന്ത്യ അപകടം അന്വേഷിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്രസര്‍ക്കാര്‍. മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിമാന അപകടത്തിന്റെ കാരണമെന്തെന്ന് സമഗ്രമായി സമിതി അന്വേഷിക്കും. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നും സമിതി നിര്‍ദേശിക്കും. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് സമിതി അദ്ധ്യക്ഷന്‍.

വിമാനത്തിന്റ ബ്ലാക്ക് ബോക്‌സ് നേരത്തേ കണ്ടെത്തിയിരുന്നു. അപകടമുണ്ടായി 28 മണിക്കൂറുകള്‍ക്ക് ശേഷമാണ് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്. ഡിജിസിഎയുടെ ഫോറന്‍സിക് സയന്‍സ് ലാബിലാകും ബ്ലാക് ബോക്സ് പരിശോധിക്കുക. അപകടകാരണം കണ്ടെത്താന്‍ പരിശോധനാ ഫലമാകും നിര്‍ണായകമാവുക.

അതേസമയം, വിമാന അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. തിരിച്ചറിഞ്ഞ ആറ് മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുള്ളത്. മറ്റ് മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. ഡിഎന്‍എ പരിശോധനാ ഫലം വരുന്ന മുറയ്ക്ക് ബന്ധുക്കള്‍ക്ക് മൃതദേഹം കൈമാറുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.