ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിറുത്തിയില്ല; യുവതി ഡ്രൈവറെ ചെരുപ്പൂരി തല്ലി

Saturday 14 June 2025 10:49 AM IST

ബംഗളൂരു: സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്താൻ വിസമ്മതിച്ച ബസ് ഡ്രൈവറെ യുവതി ചെരുപ്പൂരി തല്ലി. ബംഗളൂരുവിൽ സർജാപൂർ റോഡിലെ കൈകോന്ദ്രഹള്ളിയിലാണ് സംഭവം. ഡ്രൈവർ അതാഹർ ഹുസൈന്റെ പരാതിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ കാവ്യ എന്ന യുവതിക്കെതിരെ പൊലീസ് കേസെടുത്തു.

സംഭവം ഇങ്ങനെ: കൈകോന്ദ്രഹള്ളിയിൽ ഉൾപ്പെടെ ബംഗളൂരുവിലെ മിക്ക കേന്ദ്രങ്ങളിലും ഒട്ടുമിക്കദിവസങ്ങളിലും കടുത്ത ട്രാഫിക് ബ്ലോക്കാണ്. സംഭവദിവസവും കടുത്ത ബ്ലോക്കായിരുന്നു. ടിൻ ഫാക്ടറിയിൽ നിന്ന് ഇലക്ട്രോണിക്സ് സിറ്റിയിലേക്കുള്ള ബസിലാണ് അന്ന് രാവിലെ കാവ്യ കയറിയത്. കൈകോന്ദ്രഹള്ളിയിലേക്ക് ടിക്കറ്റെടുത്ത കാവ്യ തന്റെ ഓഫീസിന് മുന്നിൽ ബസ് നിറുത്തണമെന്ന് ആവശ്യപ്പെട്ടു. ഈ സമയം കടുത്ത ട്രാഫിക് ബ്ലോക്കായിരുന്നു. ഓഫീസിനുമുന്നിൽ ബസ് നിറുത്താൻ ഡ്രൈവർ ശ്രമിച്ചെങ്കിലും പൊലീസ് അനുവദിച്ചില്ല. അടുത്ത സ്റ്റോപ്പിൽ മാത്രം ബസ് നിറുത്തിയാൽ മതിയെന്ന് പൊലീസ് നിർദ്ദേശിക്കുകയും ചെയ്തു.

പൊലീസുകാർ പറഞ്ഞ കാര്യം കാവ്യയോട് പറഞ്ഞശേഷം ബസ് മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ തനിക്ക് ഓഫീസിനുമുന്നിൽ തന്നെ ഇറങ്ങണമെന്ന് അവർ വാശിപിടിച്ചു. ഇത് ശ്രദ്ധിക്കാതെ ഡ്രൈവർ ബസ് മുന്നോട്ടെടുക്കവെ താനൊരു സ്ത്രീയാണെന്നും പറഞ്ഞത് അനുസരിക്കണമെന്നും ആവശ്യപ്പെട്ട് കാവ്യ ബഹളംവച്ചു. ഇതിനുശേഷമാണ് ഡ്രൈറെ ചെരുപ്പൂരി തല്ലിയത്. പിന്നീട് ഇവർ ബസിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. തുടർന്നാണ് ഡ്രൈവർ പൊലീസിൽ പരാതി നൽകിയത്.