കറണ്ട് ബിൽ 22 ലക്ഷം രൂപ, ഞെട്ടിപ്പോയി, ആദ്യം കരുതി തമാശയാണെന്ന്; ഇതായിരുന്നു അധികൃതരുടെ മറുപടി
വൈദ്യുതി വലിയ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽപ്പോലും ചിലപ്പോഴൊക്കെ നമ്മളെ ഞെട്ടിക്കുന്ന രീതിയിലുള്ള കറണ്ട് ബില്ലുകൾ വരാറുണ്ട്. അത്തരത്തിൽ തനിക്ക് വന്ന ബിൽ കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് സന്തോഷ് മണ്ഡൽ എന്നയാൾ. ബീഹാറിലെ സീതാമർഹി ജില്ലയിലാണ് അദ്ദേഹം താമസിക്കുന്നത്. 22. 96 ലക്ഷം രൂപയാണ് കറണ്ട് ബിൽ ആയി വന്നത്. ഇതുകണ്ട സന്തോഷ് ഭയന്നു. ഉടൻ തന്നെ ഇലക്ട്രിസിറ്റി ഡിപ്പാർട്ട്‌മെന്റിൽ പോയി പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അധികൃതർക്ക് തെറ്റ് പറ്റിയതായി കണ്ടെത്തി. തുടർന്ന് പുതിയ കറണ്ട് ബിൽ വരികയും ചെയ്തു. ഇത്തവണ 65, 321 രൂപയാണ് കറണ്ട് ബിൽ വന്നത്. 'ഞാൻ ഞെട്ടിപ്പോയി. ആദ്യം കരുതി തമാശയാണെന്ന്. എന്നാൽ ബിൽ ഓഫിഷ്യലി ഉള്ളതാണെന്ന് പിന്നീട് മനസിലായി. തുടർന്ന് വളരെപ്പെട്ടെന്നുതന്നെ ഞാൻ ചിലത് ചെയ്തു. ഒടുവിൽ അന്വേഷണത്തിൽ ഉദ്യോഗസ്ഥർക്ക് തെറ്റ് പറ്റിയതായി കണ്ടെത്തി. 65, 321 രൂപയാണ് എന്റെ കറണ്ട് ബിൽ.'- സന്തോഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇതിനുമുമ്പും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ഇത്രയും അധികം രൂപയുടെ തെറ്റ് ആദ്യമായിട്ടാണ് സംഭവിക്കുന്നതെന്നാണ് വിവരം. നേരത്തെ ഒരു ഉപയോക്താവിന് 58,268 രൂപയായിരുന്നു കറണ്ട് ബിൽ വന്നത്. എന്നാൽ യഥാർത്ഥത്തിലെ കറണ്ട് ബിൽ 43,717 രൂപയായിരുന്നു.