ഭാര്യ ഉപേക്ഷിച്ചതിന്റെ ദേഷ്യം തീർത്തത് ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീയിട്ട്, പിടിയിലായത് 67കാരൻ

Saturday 28 June 2025 11:11 AM IST

സോൾ: ഭാര്യ വിവാഹമോചനം നേടിയതിന്റെ നിരാശയിൽ വൃദ്ധൻ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീയിട്ടു. ദക്ഷിണ കൊറിയയിൽ സോൾ സബ്‌വേ ലൈനിൽ മേയ് മുപ്പതിനായിരുന്നു സംഭവം.ഇതിന്റെ വീഡിയോ ഇപ്പോഴാണ് പുറത്തുവന്നത്. 67കാരനാണ് ട്രെയിനിൽ പെട്രോൾ ഒഴിച്ച് തീയിട്ടത്. സംഭവത്തിൽ പ്രതിയായ വോണിനെ ഈ മാസം ആദ്യം പൊലീസ് പിടികൂടുകയും ഇയാളുടെ വിചാരണ ആരംഭിക്കുകയും ചെയ്തു.

നിറയെ യാത്രക്കാരുമായി ട്രെയിൻ തുരങ്കത്തിലൂടെ പോകുമ്പോഴായിരുന്നു വോൺ തീയിട്ടത്. കയ്യിൽ കരുതിയിരുന്ന പെട്രോൾ ട്രെയിനിനുള്ളിൽ ഒഴിച്ചശേഷം പൊടുന്നനെ തീയിടുകയായിരുന്നു. പെട്രോൾ ഒഴിച്ചപ്പോൾ തന്നെ യാത്രക്കാർ ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരന്നു. തീ പടർന്ന ട്രെയിനിൽ നിന്നുളള പുക ശ്വസിച്ചതിനെത്തുടർന്ന് അസ്വസ്ഥതയുണ്ടായ 22പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ അവസ്ഥ ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന സൂചന.

കൊലപാതകശ്രമം, ഓടുന്ന ട്രെയിനിന് തീയിടുക, പൊതുമുതൽ നശിപ്പിക്കുക, റെയിൽവേ സുരക്ഷാ ലംഘനം തുടങ്ങി നിരവധി വകുപ്പുകൾ ചേർത്താണ് വോണിനെതിരെ കേസടുത്തിരിക്കുന്നത്. തീ പടർന്ന സബ്‌വേ കാറിന് മാത്രം രണ്ടുകോടി രൂപയിലേറെ നാശനഷ്ടമുണ്ടായെന്നാണ് അധികൃതർ പറയുന്നത്.

പിടിയിലായശേഷം വോണിനെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് വിവാഹമോചനം അനുവദിച്ചതിനെത്തുടർന്നുള്ള നിരാശയിലാണ് താനിതെല്ലാം ചെയ്തതെന്ന് വോൺ സമ്മതിച്ചത്. എന്നാൽ ഇതുമാത്രമാണോ കാരണമെന്നും ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.