പേവിഷബാധ : വിദ്യാർത്ഥികൾക്ക് ബോധവത്കരണ ക്യാമ്പയിൻ

Sunday 29 June 2025 1:18 AM IST

കോട്ടയം : ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, വിദ്യാഭ്യാസവകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി പേവിഷബാധ ബോധവത്കരണ ക്യാമ്പയിൻ നടത്തും. ജില്ലാതല ഉദ്ഘാടനം കോട്ടയം ഗവ.മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നാളെ രാവിലെ 10 ന് കളക്ടർ ജോൺ വി. സാമുവൽ നിർവഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ അദ്ധ്യക്ഷത വഹിക്കും. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ, ഗവ.മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൾ സി. മഞ്ജുള, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ആർ. ദീപ എന്നിവർ പങ്കെടുക്കും. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജെസ്സി സണ്ണി ബോധവത്കരണ ക്ലാസ് എടുക്കും.

സ്‌കൂൾ പരിസര ശുചീകരണം പ്രധാനം

സ്‌കൂൾ കോമ്പൗണ്ടിൽ തെരുവുനായ്ക്കൾ പെരുകുന്നത് തടയുന്നതിനായി പരിസരം ശുചീകരിച്ച് ഭക്ഷണാവശിഷ്ടങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കൽ

രോഗം പരത്തുന്ന മൃഗങ്ങൾ, പകരുന്ന രീതി എന്നിവയേക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം വളർത്തൽ

മൃഗങ്ങളുടെ കടി,മാന്തൽ, പോറൽ എന്നിവ ഏറ്റാൽ രക്ഷിതാക്കളേയോ അദ്ധ്യാപകരേയോ അറിയിക്കണം

സ്‌കൂളിലേക്ക് വരുന്ന വഴിയിൽ തെരുവുനായ ആക്രമിച്ചാൽ ടീച്ചറോട് പറയേണ്ടതിന്റെ ആവശ്യകത

പ്രഥമശുശ്രൂഷ നൽകിയശേഷം എത്രയും വേഗം കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് വാക്‌സിൻ നൽകൽ

സ്‌കൂളിൽ പ്രഥമശുശ്രൂഷ കിറ്റും,കൈയുറയും ഉണ്ടായിരിക്കേണ്ടതിന്റെയും ആവശ്യകത ബോദ്ധ്യപ്പെടുത്തൽ