എറണാകുളത്തു നിന്നുള്ള ദീർഘദൂര സർവീസുകൾക്ക് കടും വെട്ട്, ജീവനക്കാർക്ക് സ്ഥലം മാറ്റം
കൊച്ചി: കെ.എസ്.ആർ.ടി.സി എറണാകുളം ഡിപ്പോയിൽ നിന്നുള്ള ദീർഘദൂര സർവീസുകൾക്ക് അധികൃതർ വെട്ടിച്ചുരുക്കൽ ഏർപ്പെടുത്തി. ദിവസവുമുണ്ടായിരുന്ന കോയമ്പത്തൂർ സർവീസും കന്യാകുമാരി സർവീസുമാണ് പുതിയതായി നിറുത്തലാക്കിയത്. രണ്ട് സർവീസുകളും പത്തനാപുരത്തേക്കാണ് മാറ്റിയത്. രാവിലെ 11.20ന് എറണാകുളത്തുനിന്നുള്ള കോയമ്പത്തൂർ ബൈപ്പാസ് റൈഡർ സർവീസ് യാത്രക്കാർക്ക് ഏറെ ആശ്വാസകരമായിരുന്നു. രാവിലെ എട്ടിനുശേഷം കോയമ്പത്തൂരിലേക്കുണ്ടായിരുന്ന ഏക സർവീസായിരുന്നു ഇത്. ദിവസവും വൈകിട്ട് എറണാകുളത്തുനിന്നുണ്ടായിരുന്ന കന്യാകുമാരി ബസും നിറുത്തലാക്കിയത് നിരവധി യാത്രക്കാരെ ബാധിക്കും. ഉച്ചയ്ക്ക് 2.30ന് ഒരു ബസുള്ളത് കോട്ടയം വഴിയുള്ളതാണ്. ഇത് കഴിഞ്ഞാൽ ആലപ്പുഴ വഴിയുള്ളതായിരുന്നു ഏക കന്യാകുമാരി ബസ്. വൈകിട്ട് മൂന്നിന് എറണാകുളം ഡിപ്പോയിൽനിന്ന് നെടുമങ്ങാട് ബസ് പോയാൽ പിന്നെ ആലപ്പുഴ ഭാഗത്തേക്കുള്ള ബസുകൾ കുറയും. ഇതിനിടെയാണ് ആലപ്പുഴ വഴിയുള്ള കന്യാകുമാരി ബസും പത്തനാപുരത്തേക്ക് മാറ്റിയത്. നേരത്തെ മൂന്ന് മാസം മുമ്പ് ദിവസവും 3.20ന് മൂകാംബികയ്ക്ക് പുറപ്പെട്ടിരുന്ന ബസും എറണാകുളത്തുനിന്ന് മാറ്റിയിരുന്നു. ഇപ്പോൾ ആലപ്പുഴയിൽനിന്ന് വരുന്ന 3.20ന്റെ ബസാണ് മൂകാംബികയ്ക്കുള്ള ഏക ആശ്രയം. ഈ ബസാകട്ടെ ഹൈവേ നിർമ്മാണം നടക്കുന്നതിനാൽ മിക്കദിവസവും ഒന്നര-രണ്ട് മണിക്കൂറോളം വൈകിയാണ് എറണാകുളം ഡിപ്പോയിലെത്തുന്നതും. ജീവനക്കാരില്ലെന്ന് പറഞ്ഞാണ് ബസുകൾ എറണാകുളത്തുനിന്ന് മാറ്റിയത്. എന്നാൽ, കോയമ്പത്തൂർ, കന്യാകുമാരി ബസുകൾ മാറ്റിയതിനൊപ്പം നാല് കണ്ടക്ടർമാരെയും ഡ്രൈവർമാരെയും വീതം പത്തനാപുരത്തേക്ക് സ്ഥലം മാറ്റിയത്.