വെടിനിറുത്തൽ കരാർ: യുദ്ധം അവസാനിക്കുമെന്ന ഉറപ്പ് വേണമെന്ന് ഹമാസ്

Friday 04 July 2025 7:18 AM IST

ടെൽ അവീവ്: ഗാസയിൽ 60 ദിവസത്തെ വെടിനിറുത്തലിനായി യു.എസ് ആവിഷ്കരിച്ച കരാർ യുദ്ധത്തിന്റെ അവസാനത്തിലേക്ക് നയിക്കുമെന്ന ഉറപ്പ് തങ്ങൾക്ക് ലഭിക്കണമെന്ന് ഹമാസ്. ഇക്കാര്യത്തിൽ യു.എസ് അടക്കം മദ്ധ്യസ്ഥ രാജ്യങ്ങളിൽ നിന്നുള്ള വ്യക്തമായ ഗ്യാരന്റി ലഭിച്ചാൽ വെടിനിറുത്തലിന് തയ്യാറാകുമെന്നാണ് ഹമാസ് നൽകുന്ന സൂചന.

വെടിനിറുത്തലും ബന്ദി മോചനവും സാദ്ധ്യമായേക്കുമെന്ന പ്രതീക്ഷ ചർച്ചയിൽ പങ്കെടുക്കുന്ന ഇസ്രയേലി ഉദ്യോഗസ്ഥരും പങ്കുവച്ചു. യു.എസ് ആവിഷ്കരിച്ച കരാറിലെ വ്യവസ്ഥകൾ ഇസ്രയേൽ അംഗീകരിച്ചെന്നും ഹമാസും അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

അതേ സമയം, ഹമാസിനെ പൂർണമായും ഇല്ലാതാക്കും എന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചു. ഹമാസിനെ ഇല്ലാതാക്കാതെ യുദ്ധം അവസാനിപ്പിക്കരുതെന്നാണ് ഇസ്രയേലിലെ തീവ്ര വലതുപക്ഷ പാർട്ടികളുടെ നിലപാട്.

ഗാസയിൽ ഇസ്രയേൽ ശക്തമായ ആക്രമണങ്ങൾ തുടരുകയാണ്. 24 മണിക്കൂറിനിടെ 118 പാലസ്തീനികൾ കൊല്ലപ്പെട്ടെന്ന് ഹമാസ് ഇന്നലെ രാത്രി പ്രസ്താവനയിൽ വ്യക്തമാക്കി. ആകെ മരണം 57,130 കടന്നു.