'മകനേ മടങ്ങിവരൂ, കേരളത്തിന്റെ രുചി ഇവിടെ വിളമ്പുന്നുണ്ടല്ലോ'; യുദ്ധവിമാനത്തോട് മാഞ്ചസ്റ്ററിലെ റെസ്റ്റോറന്റ്
മാഞ്ചസ്റ്റർ: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ തുടരുന്ന ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബി സോഷ്യൽ മീഡിയയിൽ വൈറലാണ്. ടൂറിസം വകുപ്പ്, മിൽമ, കേരള പൊലീസ് എന്നിവയുടെ ഒഫിഷ്യൽ പേജുകളിൽ ബ്രിട്ടീഷ് വിമാനത്തെക്കുറിച്ചുള്ള രസകരമായുള്ള പോസ്റ്റുകൾ വന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ യുകെയിലെ ഒരു റെസ്റ്റോറന്റ് അവരുടെ പരസ്യത്തിൽ എഫ് 35 ബിയെ ഉൾപ്പെടുത്തിയിരിക്കുകയാണ്.
'മകനേ മടങ്ങിവരൂ' എന്നാണ് യുകെയിലെ മലയാളി റെസ്റ്റോറന്റായ 'കേരള കറി ഹൗസിന്റെ' പരസ്യത്തിൽ പറഞ്ഞിരിക്കുന്നത്. വിമാനത്തിന്റെ എഐ ചിത്രവും ഒപ്പമുണ്ട്. 'കേരളത്തിന്റെ രുചി കേരള കറി ഹൗസിൽ വിളമ്പുമ്പോൾ നീ എന്തിനാണ് അവിടെ നിൽക്കുന്നത്' എന്നാണ് പോസ്റ്ററിലെ ചോദ്യം. കേരളത്തിന്റെ വൈബിനായി കൊതിക്കുന്നവർ ഇതൊരു തമാശയായി എടുക്കണമെന്ന് അടിക്കുറിപ്പും കൊടുത്തിട്ടുണ്ട്. ഈ വിമാനവുമായി ബന്ധപ്പെട്ട് ഇറക്കിയ പരസ്യങ്ങളെല്ലാം വൈറലായിരുന്നു.