ബിന്ദുവിന്റെ കുടുംബത്തിന് സഹായം നൽകും: മന്ത്രി വാസവൻ മകളുടെ ചികിത്സ ഉറപ്പാക്കും
തിരുവനന്തപുരം കോട്ടയം മെഡിക്കൽ കോളേജിലെ നിർഭാഗ്യകരമായ ദുരന്തത്തെ രാഷ്ട്രീയമുതലെടുപ്പിന് ഉപയോഗിക്കാനാണ് പ്രതിപക്ഷത്തിന് താത്പര്യമെന്ന് മന്ത്രി വി.എൻ.വാസവൻ. പുരയ്ക്ക് തീപിടിക്കുമ്പോൾ വാഴവെട്ടുകയാണ് അവർ. എന്നാൽ, ദുരന്തത്തിൽ പെട്ടവർക്ക് ആശ്വാസമെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ദുരന്തത്തിനിരയായ ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ സഹായം നൽകും. അടുത്ത മന്ത്രിസഭയിൽ അക്കാര്യം തീരുമാനിക്കും.
തത്കാല സഹായമായി ഇന്നലെതന്നെ അരലക്ഷം രൂപ നൽകാൻ തീരുമാനിച്ചു. ബിന്ദുവിന്റെ വീട്ടുകാരുമായി സംസാരിച്ചിരുന്നു. കുട്ടിയുടെ ചികിത്സ, ധനസഹായം, ഭാവി സംബന്ധമായ സുരക്ഷിതത്വം എന്നീ കാര്യങ്ങളിൽ വീട്ടുകാരുമായി ആശയവിനിമയം നടത്തി.
ഇന്നലെ തെരച്ചിൽ നിറുത്തിവച്ചു എന്നൊക്കെയുള്ളത് രാഷ്ട്രീയ ആരോപണങ്ങൾ മാത്രമാണ്. ഹിറ്റാച്ചി കൊണ്ടുവരണമെന്ന് താനാണ് പറഞ്ഞത്. മറ്റുതലത്തിൽ വ്യാഖ്യാനിക്കുന്നത് ശരിയല്ല. യന്ത്രം അകത്തേക്ക് കൊണ്ടുപോകാൻ അല്പം പ്രയാസം നേരിട്ടു. മെഡിക്കൽ കോളേജിനെ ആകെ ആക്ഷേപിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ഗുണകരമല്ല. യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് കെട്ടിടം അപകടാവസ്ഥയിൽ എന്ന റിപ്പോർട്ട് വന്നത്. യു.ഡി.എഫ് സർക്കാർ ഒന്നും ചെയ്തില്ല. ആരോഗ്യമന്ത്രിയുടെ രാജി പ്രതിപക്ഷം ആവശ്യപ്പെടുന്നത് രാഷ്ട്രീയ പ്രഹസനമാണ്. ഇത്തരം ആവശ്യങ്ങൾ അംഗീകരിച്ചാൽ ഒരു മന്ത്രിയും കാണില്ലല്ലോ.
'ചികിത്സാ ഉപകരണങ്ങൾ:
നടപടിക്രമം ലഘൂകരിക്കണം'
കോട്ടയം ദുരന്തവും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ ഉപകരണങ്ങൾ ഇല്ലെന്നു തുറന്നടിച്ച ഡോ. ഹാരിസിന്റെ നടപടിയേയും ഒരുപോലെ കാണാനാവില്ലെന്ന് മന്ത്രി വാസവൻ. മെഡിക്കൽ കോളേജ് ആശുപത്രികളിൽ ചികിത്സാ ഉപകരണങ്ങൾ എത്തിക്കാൻ നടപടിക്രമങ്ങൾ ലഘൂകരിക്കണം. ആവശ്യമുള്ള ഉപകരണങ്ങൾ എത്രയുംവേഗം കൊടുക്കാൻ കഴിയുന്ന നിർദ്ദേശമുണ്ടാകണം. ഒരു നിശ്ചിത തുക വരെ വിലയുള്ള ഉപകരണങ്ങൾ നടപടിക്രമങ്ങൾ മറികടന്നു വാങ്ങുന്നതിന് ഓർഡർ നൽകാൻ ഉദ്യോഗസ്ഥതലത്തിൽ തന്നെ കഴിയുന്ന തരത്തിലുള്ള മാറ്റമാണ് ആലോചിക്കുന്നത്.