ശ്രീനാരായണ പബ്ലിക് സ്‌കൂളിൽ എ.ഐ പരിശീലനം
കൊല്ലം: ആധുനിക സാങ്കേതികവിദ്യയുടെ വിവിധതലങ്ങൾ പഠനത്തിൽ എങ്ങനെയെല്ലാം പ്രയോജനപ്പെടുത്താം എന്ന ലക്ഷ്യത്തോടെ വടക്കേവിള ശ്രീനാരായണ പബ്ലിക് സ്‌കൂളിൽ സി.ബി.എസ്.ഇ സ്‌കൂളുകളിലെ അദ്ധ്യാപകർക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലാസ് മുറികളിൽ എന്ന വിഷയത്തിൽ ഏകദിന പരിശീലനക്ലാസ് നടന്നു. പാഠ്യവിഷയങ്ങൾ ലളിതമായും സുഗമമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുട്ടികളിൽ എങ്ങനെ എത്തിക്കാമെന്നതായിരുന്നു പരിശീലന ക്ലാസിന്റെ ലക്ഷ്യം. സ്‌കൂൾ മാനേജ്‌മെന്റും പ്രിൻസിപ്പൽ എം.എസ്. സുബാഷ്, ഡെപ്യൂട്ടി പ്രിൻസിപ്പൽ വിനീത വാസുദേവൻ, വൈസ് പ്രിൻസിപ്പൽ മഹേഷ് കുമാർ, എച്ച്.എം. സീമ എന്നിവരും ക്ലാസിന് നേതൃത്വം നൽകി. കൊല്ലം ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള അദ്ധ്യാപകർ ക്ലാസിൽ പങ്കെടുത്തു. ജ്യോതി (ജ്യോതിസ് സെൻട്രൽ സ്‌കൂൾ), വിജയലക്ഷ്മി (നേവി സ്‌കൂൾ, കൊച്ചി) എന്നിവരായിരുന്നു പരിശീലകർ.