വിനോദസഞ്ചാരികൾക്ക് തിരിച്ചടി, ജീപ്പ് സഫാരി നിരോധിച്ച് കളക്‌ടറുടെ ഉത്തരവ്; ലംഘിച്ചാൽ കടുത്ത നടപടി

Monday 07 July 2025 3:32 PM IST

ഇടുക്കി: ഇടുക്കി ജില്ലയിലെ ജീപ്പ് സഫാരി നിരോധിച്ച് കളക്‌ടറുടെ ഉത്തരവ്. അനധികൃതമായി നടത്തിയ ഓഫ് റോഡ് യാത്രക്കിടെ ജീപ്പ് മറിഞ്ഞ് മൂന്നാറിൽ ഒരു വിനോദ സഞ്ചാരി കഴി‌ഞ്ഞദിവസം മരണപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്.

സുരക്ഷാ മാനദണ്ഡങ്ങൾ രൂപവത്‌കരിച്ചതിനുശേഷം ജീപ്പ് സഫാരി പുനഃസ്ഥാപിക്കുമെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. ഇതിനായി അതാത് പ്രദേശങ്ങളിൽ ദൗത്യസംഘങ്ങളെ നിയോഗിക്കും. ജൂലായ് പത്തിന് ഇവർ കളക്‌ടർക്ക് ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകണം. റിപ്പോർട്ടിന്മേൽ കളക്‌ടർ തീരുമാനമെടുക്കുന്നതുവരെ ജീപ്പ് സഫാരി അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. നിരോധനം ലംഘിക്കുന്നവർ 2005ലെ ദുരന്തനിവാരണ നിയമം പ്രകാരമുള്ള നടപടി നേരിടേണ്ടി വരും. കൂടാതെ പൊലീസും മോട്ടോർ വാഹന വകുപ്പും കേസെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, ജീപ്പ് സഫാരി നിരോധിച്ചത് ജില്ലയിലെ ആയിരക്കണക്കിന് സാധാരണക്കാരുടെ ഉപജീവനമാർഗം നഷ്ടമാക്കിയെന്ന പരാതിയുമായി ഡ്രൈവർമാരും വിവിധ തൊഴിലാളി സംഘടനകളും രംഗത്തെത്തി.

ജൂലായ് ആദ്യവാരത്തിലാണ് ട്രക്കിംഗ് ജീപ്പ് 50 അടി താഴ്‌ചയിലേക്ക് മറി‌ഞ്ഞ് വിനോദസഞ്ചാരി മരിച്ചത്. മൂന്നാർ പോതമേടാണ് അപകടമുണ്ടായത്. തമിഴ്‌നാട് സ്വദേശി പ്രകാശ് (58) ആണ് മരിച്ചത്. ഒരു കുട്ടിയടക്കം ചെന്നൈ സ്വദേശികളായ എട്ടുപേരായിരുന്നു ജീപ്പിൽ ഉണ്ടായിരുന്നത്. വാഹനം തിരിക്കുന്നതിനിടെ ബ്രേക്ക് നഷ്‌ടപ്പെട്ടാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. കോയമ്പേട് ഊരാപക്കത്ത് നിന്ന് വിനോദസഞ്ചാരത്തിനായി മൂന്നാറിലെത്തിയതായിരുന്നു അപകടത്തിൽപ്പെട്ടത്.