തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കേന്ദ്രം, വരും, 70,000 കോടി നികുതി ഇളവ്
തിരുവനന്തപുരം: ഈ വർഷം ബീഹാറിലും അടുത്തവർഷം കേരളം,തമിഴ്നാട്,ബംഗാൾ,ത്രിപുര,പുതുച്ചേരി സംസ്ഥാനങ്ങളിലും നിയമസഭാതിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുറയ്ക്കാനുള്ള നടപടികളുമായി കേന്ദ്രം. ഇവയുടെ നികുതികൾ കാര്യമായി കുറയ്ക്കും.
നിലവിലുള്ള 12% ജി.എസ്.ടി സ്ലാബ് പൂർണമായും ഒഴിവാക്കുകയോ 5% സ്ലാബിലേക്ക് മാറ്റുകയോ ചെയ്‌തേക്കും.
കാർഷികവിളകൾക്ക് നികുതിയില്ലെങ്കിലും വളത്തിന് 18%നികുതിയുള്ളത് വിലക്കയറ്റത്തിനും കൃഷിച്ചെലവ് കുത്തനെ കൂടാനും വഴിയൊരുക്കിയിരുന്നു. ഇതു കുറയ്ക്കും. ഇടത്തരക്കാർ ആശ്രയിക്കുന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളുടെ നികുതി 18%ൽ നിന്ന് 12% ആക്കി കുറയ്ക്കാനും സാദ്ധ്യതയുണ്ട്.
മൊത്തം 50000കോടി മുതൽ 70000കോടിയുടെ വരെ നികുതി ഇളവുകൾ പ്രഖ്യാപിക്കുമെന്നാണ് സൂചന.
ഈ മാസം ചേരുന്ന ജി.എസ്.ടി.കൗൺസിലിന്റെ 56-ാമത് യോഗത്തിൽ തീരുമാനമുണ്ടാകും.
സാധാരണക്കാർക്ക് ഗുണകരമാകുന്ന തരത്തിൽ നികുതി ഘടന പുനക്രമീകരിക്കാനുള്ള നടപടികൾ ശുപാർശ ചെയ്യാൻ കഴിഞ്ഞ ഡിസംബറിൽ ചേർന്ന ജി.എസ്.ടി.കൗൺസിലിനോട് നിർദ്ദേശിച്ചിരുന്നു. അതനുസരിച്ച് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇത്തരം നിർദേശങ്ങളുള്ളത്. ഇവ അംഗീകരിക്കുന്ന തീരുമനങ്ങളാവും ഈ മാസം ചേരുന്ന ജി.എസ്.ടി കൗൺസിലിൽ ഉണ്ടാവുക.
12% ജി.എസ്.ടി ഈടാക്കുന്ന മിക്ക ഇനങ്ങളും സാധാരണക്കാരുടെ നിത്യോപയോഗ സാധനങ്ങളാണ്. ഇവയ്ക്ക് വില കുറയുന്നതോടെ അത്തരക്കാരുടെ ജീവിതച്ചെലവിൽ കാര്യമായ കുറവുവരും. ഈ നിർദ്ദേശം നടപ്പിലായാൽ, 2017ൽ പരോക്ഷ നികുതി സമ്പ്രദായം നിലവിൽ വന്നതിനു ശേഷമുള്ള ജി.എസ്.ടി നിരക്കുകളിലെ ഏറ്റവും സുപ്രധാനമായ പരിഷ്‌കരണങ്ങളിലൊന്നായി മാറും.
തുണി മുതൽ ടൂത്ത് പേസ്റ്റുവരെ
തുണിത്തരങ്ങൾ,ചെരുപ്പ്,പേപ്പർ,ടൂത്ത് പേസ്റ്റ്, ടൂത്ത് പൗഡർ,തയ്യൽ മെഷീനുകൾ,ഇസ്തിരിപ്പെട്ടി, ചെറിയശേഷിയുള്ള വാഷിംഗ് മെഷീനുകൾ,സൈക്കിൾ,റെഡിമെയ്ഡ് വസ്ത്രങ്ങൾ,സാനിട്ടറി നാപ്കിനുകൾ,ഹെയർ ഓയിലുകൾ,കുടകൾ,നോൺ ഇലക്ട്രിക് വാട്ടർ ഫിൽട്ടറുകളും പ്യൂരിഫയറുകളും,പ്രഷർകുക്കറുകൾ,അലുമിനിയം,സ്റ്റീൽ പാചക പാത്രങ്ങൾ,കുറഞ്ഞശേഷിയുളള വാക്വം ക്ലീനറുകൾ,ചില വാക്സിനുകൾ, പാക്കറ്റിലടച്ച പാലുല്പന്നങ്ങൾ തുടങ്ങിയവ.
വിലക്കയറ്റത്തിൽ
കേരളം അഞ്ചാമത്
(തിരഞ്ഞെടുപ്പ് നടക്കുന്ന
സംസ്ഥാനങ്ങൾ മാത്രം)
പുതുച്ചേരി ....................8%
തമിഴ്നാട്..................... 7.2%
അസാം..........................6.5%
ബീഹാർ....................... 6.37%
കേരളം............................5.9%
ബംഗാൾ.......................5.3%
ത്രിപുര....................... 4.49%
ദേശീയശരാശരി.... 3.9%