സ്കൂൾ ബസിലേക്ക് ട്രെയിൻ ഇടിച്ചുകയറി: 3 കുട്ടികൾക്ക് ദാരുണാന്ത്യം

Wednesday 09 July 2025 12:51 AM IST

ചെന്നൈ: തമിഴ്നാട്ടിലെ കടലൂരിൽ സ്കൂൾ ബസിലേക്ക് ട്രെയിൽ ഇടിച്ചുകയറി മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം. ചിന്നകാട്ടു സഗായ് സ്വദേശി ചാരുമതി (16), സഹോദരൻ ചെഴിയൻ (15), തൊണ്ടമനാഥം സ്വദേശി നിമലേഷ് (12) എന്നീ വിദ്യാർത്ഥികളാണ് മരിച്ചത്. ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ പോണ്ടിച്ചേരി ജിപ്മർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടലൂരിലെ സെമ്മങ്കുപ്പത്ത് ഇന്നലെ രാവിലെ 7.45നായിരുന്നു അപകടം. സംഭവത്തിൽ റെയിൽവേ സസ്പെൻഡ് ചെയ്ത ഗേറ്റ് കീപ്പർ പങ്കജ് ശർമ്മയെ കടലൂർ പൊലീസ് അറസ്റ്റുചെയ്തു. കടലൂർ കൃഷ്ണസ്വാമി മെട്രിക്കുലേഷൻ സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

കടലൂരിനും ആളപ്പാക്കത്തിനും ഇടയിലെ റെയിൽവേ ഗേറ്റ് നമ്പർ 170ലൂടെ പോയ സ്കൂൾ ബസിനെ വില്ലുപുരം മയിലാടുംതുറൈ പാസഞ്ചർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാൻ ദൂരേക്ക് തെറിച്ചുവീണു. 95 കിലോമീറ്റർ വേഗത്തിലായിരുന്നു ട്രെയിൻ. അപകടത്തിന് പിന്നാലെ പ്രദേശവാസികൾ ഗേറ്റ് കീപ്പറെ മർദ്ദിച്ചു. ഡ്രൈവർ കടലൂർ മഞ്ഞക്കുപ്പം സ്വദേശി ശങ്കർ (47), തൊണ്ടമനാഥം സ്വദേശി വിശ്വേഷ് (16), കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പ്രദേശവാസിയായ അണ്ണാദുരൈ എന്നിവർക്കാണ് പരിക്കേറ്റത്.

സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച റെയിൽവേ,ബസ് ഡ്രൈവർ നിർബന്ധിച്ചതിനാലാണ് അടഞ്ഞു കിടന്ന റെയിൽവേഗേറ്റ് ജീവനക്കാരൻ തുറന്നു നൽകിയതെന്ന് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ ഇത് വ്യക്തമായെന്നും അറിയിച്ചു. ഗേറ്റ് തുറന്നു കിടക്കുകയായിരുന്നുവെന്ന് വാൻ ഡ്രൈവറും പരിക്കേറ്റ ഒരു വിദ്യാർത്ഥിയും അവകാശപ്പെട്ടു. യന്ത്രത്തകരാറാണ് ദുരന്തത്തിന് കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം,ഡ്യൂട്ടി സമയത്ത് ഗേറ്റ് കീപ്പർ മദ്യപിച്ചിരുന്നതായും ജോലിക്കിടെ ഉറങ്ങിപ്പോയതാണ് കാരണമെന്നും നാട്ടുകാർ ആരോപിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

നഷ്ടപരിഹാരം പ്രഖ്യാപിച്ച്

റെയിൽവേയും സർക്കാരും

മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ചുലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവരുടെ ബന്ധുക്കൾക്ക് 2.5 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും റെയിൽവേ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അതേസമയം, സംഭവത്തിൽ അനുശോചിച്ച തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ചുലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവരുടെ ബന്ധുക്കൾക്ക് ഒരു ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചു.

കളക്ടറെ കുറ്റപ്പെടുത്തി

റെയിൽവേ

സംഭവത്തിൽ ജില്ലാ കളക്ടറെ കുറ്റപ്പെടുത്തി ദക്ഷിണ റെയിൽവേ. ദുരന്തമുണ്ടായ കടലൂർ ചെമ്മാങ്കുപ്പത്തെ ലെവൽ ക്രോസിനു പകരം അടിപ്പാത നിർമ്മിക്കാൻ റെയിൽവേ അനുമതി നൽകിയിരുന്നെന്നും എന്നാൽ കളക്ടർ ഒപ്പുവയ്ക്കാതെ പദ്ധതി വൈകിപ്പിക്കുകയായിരുന്നെന്നും റെയിൽവേ പത്രക്കുറിപ്പിൽ പറഞ്ഞു. ഒരു വർഷം മുൻപാണ് ചെമ്മാങ്കുപ്പത്തെ ലെവൽക്രോസ് പൂട്ടി പകരം അടിപ്പാത നിർമിക്കാനായി ദക്ഷിണ റെയിൽവേ ഫണ്ട് അനുവദിച്ചത്. എന്നാൽ നിർമ്മാ തുടങ്ങാനുള്ള അനുമതി കടലൂർ കളക്ടർ നൽകിയില്ലെന്നും ദക്ഷിണ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ സെന്തമിഴ് സെൽവൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ ആരോപിക്കുന്നു.

സംഭവ സമയത്ത് ഗേറ്റ് അടച്ചിരുന്നില്ല. സിഗ്നലുകളും ഉണ്ടായിരുന്നില്ല, ട്രെയിൻ ഹോൺ മുഴങ്ങിയില്ല.

-വിശ്വേഷ്

(അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി)