അടുത്ത മുഖ്യമന്ത്രിയാകാൻ യോഗ്യൻ തരൂർ; സർവേഫലം പങ്കുവച്ചു, പിണറായിയെ പിന്തള്ളി കെ കെ ശൈലജ മുന്നിൽ

Wednesday 09 July 2025 4:54 PM IST

തിരുവനന്തപുരം: കേരളത്തിൽ അടുത്ത മുഖ്യമന്ത്രിയാകാൻ യുഡിഎഫിൽ യോഗ്യൻ താനാണെന്ന സർവേ ഫലം പങ്കുവച്ച് ശശി തരൂർ എംപി. സ്വകാര്യ സർവേ ഫലം സംബന്ധിച്ച് എക്‌സിൽ പങ്കുവയ്ക്കപ്പെട്ട വാർത്ത തരൂർ ഷെയർ ചെയ്യുകയായിരുന്നു. കൂപ്പുകയ്യുടെ ഇമോജിയോടെയാണ് തരൂർ വാർത്ത പങ്കുവച്ചിരിക്കുന്നത്.

കേരള വോട്ട് വൈബ് എന്ന സ്വകാര്യ ഏജൻസിയാണ് സർവേ നടത്തിയത്. സിറ്റിംഗ് എംഎൽഎമാരെ മാറ്റണമെന്നാണ് സർവേയിൽ പങ്കെടുത്ത 62 ശതമാനം പേരും ആഗ്രഹിക്കുന്നത്. 23 ശതമാനം പേർ നിലവിലെ എംഎൽഎമാർ തുടരണമെന്നും അഭിപ്രായപ്പെട്ടു. ശശി തരൂരിനെയാണ് യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഏറ്റവും കൂടുതൽ പേർ പിന്തുണച്ചത്. 28.3 ശതമാനം പേർ തരൂരിനെ പിന്തുണയ്ക്കുന്നുവെന്ന് സർവേ വ്യക്തമാക്കുന്നു. സർവേപ്രകാരം സ്ത്രീകളേക്കാൾ (27 ശതമാനം) കൂടുതലും പുരുഷന്മാർ (30 ശതമാനം) ആണ് തരൂരിനെ പിന്തുണയ്ക്കുന്നത്.

അതേസമയം, നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി 17.5 ശതമാനം പേർ മാത്രമാണ് വോട്ട് ചെയ്തത്. എന്നാൽ, എൽഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി 24.2 ശതമാനം പേർ പിന്തുണയ്ക്കുന്നത് മുൻമന്ത്രി കെ കെ ശൈലജയെയാണ്. അടുത്തവർഷം മേയിലാണ് കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന് സാദ്ധ്യത.