@ 'മിഠായി'യുടെ മധുരം കുറച്ച് സർക്കാർ കുട്ടി പ്രമേഹരോഗികൾക്ക് നൽകുന്നത് ഇൻസുജൻ- 6

Thursday 10 July 2025 12:03 AM IST
റാപ്പിഡ് ഇൻസുലിൻ

@ റാപ്പിഡ് ഇൻസുലിൻ വെട്ടിക്കുറച്ചതിൽ ആശങ്ക

കോഴിക്കോട്: ടെെപ്പ് വൺ പ്രമേഹ രോഗ ബാധിതരായ കുട്ടികളുടെ റാപ്പിഡ് ഇൻസുലിൻ വെട്ടിക്കുറച്ച് റെഗുലർ ഇൻസുലിൻ (ഇൻസുജൻ-6) നൽകുന്നതിൽ ആശങ്ക. പതുക്കെ പ്രവർത്തിക്കുന്ന ഇൻസുലിനായതിനാൽ ഭക്ഷണം കഴിക്കാൻ പോലും മണിക്കുറുകളാണ് കുട്ടികൾ കാത്തിരിക്കേണ്ടി വരുന്നത്. മാത്രമല്ല ഷുഗറിന്റെ അളവ് നിയന്ത്രിക്കാനും സാധിക്കുന്നില്ല. കുത്തിവയ്ച്ചാലുടൻ ശരീരത്തിൽ പ്രവർത്തിച്ച് ഷുഗ റിന്റെ അളവ് നിയന്ത്രിച്ചിരുന്ന ഫിയാസ്പ് പോലുള്ള റാപ്പിഡ് ഇൻസുലിനുകളായിരുന്നു ടൈപ്പ് വൺ പ്രമേഹം ബാധിച്ച കുട്ടികൾക്കും കൗമാരക്കാർക്കും സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തുന്ന മിഠായി പദ്ധതി വഴി സാമൂഹ്യ നീതി വകുപ്പ് നൽകിക്കൊണ്ടിരുന്നത്. എന്നാൽ സ‌ർക്കാരിന്റെ 'ചെലവ് ചുരുക്കൽ' നയത്തിന്റെ ഭാഗമായാണ് വേഗത്തിൽ പ്രവർത്തിക്കുന്ന ഇൻസുലിനിൽ നിന്ന് പതുക്കെ പ്രവർത്തിക്കുന്ന ഇൻസുലിനിലേക്കുള്ള മാറ്റം. ഇത് ഭക്ഷണം കഴിക്കുന്നതിന് 45 മിനിറ്റ് മുമ്പെങ്കിലും എടുത്തിരിക്കണം. ഏകദേശം 3 മണിക്കൂർ വരെ സമയമെടുക്കും ഇവ ശരീരത്തിൽ പ്രവർത്തിക്കാൻ. അതിനാൽ കുത്തിവയ്പ്പിന് ശേഷം ഭക്ഷണം കഴിക്കാൻ ഇപ്പോൾ കുട്ടികൾ ഒരു മണിക്കൂർ വരെ കാത്തിരിക്കേണ്ടി വരുന്ന സ്ഥിതിയാണ്.

സാവധാനം പ്രവർത്തിക്കുന്ന ഇൻസുലിന് വേഗത കൂടിയ ഇൻസുലിന്റെ അഞ്ചിലൊന്നിൽ താഴെയെ വിലയുള്ളൂ. ഫലപ്രാപ്തിയും കുറവാണ്. ഇവ മൂന്ന് മണിക്കൂറിലധികം സമയമെടുത്താൽ മാത്രമേ കൂടിയ ഷുഗറിനെ നിയന്ത്രണ വിധേയമാക്കൂ. റാപ്പിഡ് ഇൻസുലിനുകൾ കുത്തി വെച്ചാൽ ഒരു മണിക്കൂറിനകം ഷുഗർ നിയന്ത്രണ വിധേയമാകും. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ എട്ട് മണിക്കൂർ വരെ എടുക്കുന്നതിനാൽ എപ്പോഴും ഷുഗർ ലെവൽ ചെക്ക് ചെയ്യേണ്ടിയും വരുന്നു.

ഇൻസുലിൻ സ്ട്രിപ്പുകളുമില്ല

ജില്ലയിൽ 200 കുട്ടികൾ ടെെപ്പ് വൺ പ്രമേഹം ബാധിതരാണ്. ഇവർക്കുള്ള ഇൻസുലിൻ സ്ട്രിപ്പ് കഴിഞ്ഞ നാല് മാസമായി മുടങ്ങിക്കിടക്കുകയാണ്. ഇൻസുലിൻ സ്ട്രിപ്പ് മാസത്തിൽ 210 എണ്ണം വേണമെന്നിരിക്കെ ഒരോ മാസവും 50 എണ്ണം മാത്രമാണ് ലഭിക്കുന്നത്. ഇത് മൂലം വലിയ പണം നൽകി പുറത്ത് നിന്ന് വാങ്ങേണ്ട സ്ഥിതിയാണ്. പ്രമേഹം ബാധിച്ച 18 വയസ് വരെയുള്ള കുട്ടികൾക്ക് ഇൻസുലിൻ പരിചരണം, തുടർച്ചയായ ഗ്ലൂക്കോസ് മോണിറ്റർ എന്നീ ആധുനിക ചികിത്സയും കൗൺസലിംഗ്, മാതാപിതാക്കൾക്കുള്ള പരിശീലനം മറ്റു സാമൂഹ്യ സുരക്ഷാ സംവിധാനങ്ങൾ എന്നിവ നൽകുമെന്ന് പറയുമ്പോഴും ഇവയൊന്നും പാലിക്കപ്പെടുന്നില്ല. ഗ്ലൂക്കോസ് മോണിറ്ററും ലഭ്യമല്ല.

''റാപ്പിഡ് ഇൻസുലിൻ സ്റ്റോക്ക് കഴിഞ്ഞു. ഇനി റെഗുലർ ഇൻസുലിൻ കൊടുക്കേണ്ടി വരും. എന്നാൽ ഇത് കുഞ്ഞുങ്ങളുടെ ആരോഗ്യ സ്ഥിതി കൂടുതൽ മോശമാക്കുകയാണ് ചെയ്യുക''- - വിജേഷ്, പ്രസിഡന്റ്, ടെെപ്പ് വൺ ഡയബറ്റിക് വെൽഫെയർ സൊസെെറ്റി.