അടിയന്തരാവസ്ഥയെക്കുറിച്ച് പത്താംക്ലാസ് പാഠഭാഗം
തിരുവനന്തപുരം: അടിയന്തരാവസ്ഥയെക്കുറിച്ച് പത്താംക്ലാസ് സാമൂഹ്യശാസ്ത്രം പാഠഭാഗം. 'ജനാധിപത്യം ഒരു ഇന്ത്യൻ അനുഭവം' എന്ന എട്ടാം അദ്ധ്യായത്തിലാണ് അടിയന്തരാവസ്ഥ ഇന്ത്യൻ ജനാധിപത്യത്തെ പ്രതിസന്ധിയിലാക്കിയ ഭാഗങ്ങളുള്ളത്.
മൗലികാവകാശങ്ങൾ മരവിപ്പിക്കൽ, പത്രസ്വാതന്ത്ര്യം നിഷേധിക്കൽ തുടങ്ങിയ ജനാധിപത്യാവകാശ ലംഘനങ്ങൾ അടിയന്തരാവസ്ഥയിൽ നടന്നതായി ഈ ഭാഗം വ്യക്തമാക്കുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പുറത്തിറങ്ങിയ പത്രവാർത്തകളുടെ കൊളാഷും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, മൊറാർജി ദേശായി, ജയപ്രകാശ് നാരായണൻ എന്നിവരുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
അടിയന്തരാവസ്ഥ ഫെഡറൽ വ്യവസ്ഥയെ ഇല്ലാതാക്കി, കോടതിയുടെ പുനരവലോകനം ഇല്ലാതാക്കി എന്നീ വിശദാംശങ്ങൾക്ക് പുറമേ പ്രതിപക്ഷനേതാക്കളെ വിചാരണ കൂടാതെ ജയിലിലടച്ചു, പത്രങ്ങൾക്കും വാർത്തകൾക്കും സെൻസർഷിപ്പ് ഏർപ്പെടുത്തി, സാമ്പത്തികനിയന്ത്രണം ഏർപ്പെടുത്തി എന്നീ ഭാഗങ്ങൾ പോയിന്റുകളായും നൽകിയിട്ടുണ്ട്.
അടിച്ചമർത്തലുകൾക്കെതിരെ രാജ്യവ്യാപകമായി ഉയർന്ന പ്രക്ഷോഭങ്ങളെ തുടർന്ന് 1977 ൽ അടിയന്തരാവസ്ഥ പിൻവലിക്കേണ്ടിവന്നതും ചേർത്താണ് ഈ ഭാഗം സംഗ്രഹിച്ചിട്ടുള്ളത്.
അദ്ധ്യായത്തിന്റെ തുടക്കം വിഭജനകാലത്തെ മുറിവുകളെക്കുറിച്ച് പ്രമുഖ എഴുത്തുകാരൻ ഖുശ്‌വന്ത് സിംഗ് രചിച്ച ട്രെയിൻ ടു പാകിസ്ഥാൻ എന്ന നോവലിൽനിന്നുള്ള ഭാഗത്തോടെയാണ്. രണ്ടാംവാള്യം പാഠപുസ്തകങ്ങൾ ഓണാവധിക്കു മുമ്പുതന്നെ കുട്ടികൾക്ക് ലഭ്യമാക്കും.