ഷാർജയിൽ മലയാളി യുവതി ഒന്നരവയസുകാരിയായ മകളെ കൊന്ന് ജീവനൊടുക്കി

Thursday 10 July 2025 10:46 AM IST

ഷാർജ: മലയാളി യുവതിയേയും മകളെയും ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കേരളപുരം സ്വദേശി നിതീഷിന്റെ ഭാര്യ വിപഞ്ചിക മണിയൻ (33), ഒന്നരവയസുകാരിയായ മകൾ വൈഭവിയുമാണ് മരിച്ചത്. മകളുടെ കഴുത്തിൽ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് സൂചന.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഷാർജ അൽ നഹ്ദയിലെ ഫ്ളാറ്റിലാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. ദുബായിലെ സ്വകാര്യ കമ്പനിയിലെ എച്ച് ആർ വിഭാഗത്തിലാണ് വിപഞ്ചിക ജോലി ചെയ്യുന്നത്. ഭർത്താവ് നിതീഷ് ദുബായിലെ സ്വകാര്യ കമ്പനിയിൽ എഞ്ചിനീയറാണ്. ഇരുവരും അകന്നാണ് താമസിക്കുന്നത്.

സ്ത്രീധനത്തിന്റെ പേരിൽ നിതീഷ് യുവതിയെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും വിവാഹ മോചനത്തിന് സമ്മർദം ചെലുത്തിയെന്നും ബന്ധുക്കൾ ആരോപിക്കുന്നു. വിവാഹ മോചനം നടന്നാൽ പിന്നെ താൻ ജീവിച്ചിരിക്കില്ലെന്ന് വിപഞ്ചിക വീട്ടുജോലിക്കാരിയോടും മാതാവിനോടും പറഞ്ഞിരുന്നെന്നാണ് വിവരം.

കഴിഞ്ഞ ദിവസം വിപഞ്ചികയ്ക്ക് വക്കീൽ നോട്ടീസ് ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മകളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കിയത്. സംഭവത്തക്കുറിച്ച് വിശദമായി അന്വേഷിക്കാൻ അധികൃതരോട് ആവശ്യപ്പെടുമെന്ന് ബന്ധുക്കൾ പറഞ്ഞു. നിലവിൽ മൃതദേഹം ഷാർജ അൽ ഖാസിമി ആശുപത്രിയിലെ മോർച്ചറിയിലാണ് ഉള്ളത്. നാട്ടിലേക്ക് കൊണ്ടുപോകാനാണ് ബന്ധുക്കളുടെ തീരുമാനം. എന്നാൽ മകളുടെ മൃതദേഹം ഷാർജയിൽ തന്നെ സംസ്‌കരിക്കണമെന്ന് നിതീഷ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ഒത്തുതീർപ്പായ ശേഷമേ കൂടുതൽ നടപടികളിലേക്ക് കടക്കുകയുള്ളൂ.