സിദ്ധാർത്ഥിന്റെ മരണം: കോടതിയിൽ 7 ലക്ഷം കെട്ടിവച്ച് സർക്കാർ

Saturday 12 July 2025 1:15 AM IST

കൊച്ചി: കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥിന്റെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ വിധിച്ച ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരത്തുക സർക്കാർ ഹൈക്കോടതിയിൽ കെട്ടിവച്ചു.

നഷ്ടപരിഹാരം നൽകാനുള്ള മനുഷ്യാവകാശ കമ്മിഷന്റെ 2024 ഒക്ടോബർ ഒന്നിലെ ഉത്തരവിനെ ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹർജിയിലാണ് നടപടി. സർക്കാരിന്റെ ഹർജി വൈകിയതിനെ തുടർന്നാണ് തുക കെട്ടിവയ്‌ക്കാൻ കോടതി ആവശ്യപ്പെട്ടത്.

ഇന്നലെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ അടക്കമുള്ളവരോട് വിശദീകരണം സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.

സിദ്ധാർത്ഥിന്റെ മാതാപിതാക്കളെ കക്ഷി ചേർക്കാനും നിർദ്ദേശിച്ചു. മനുഷ്യാവകാശ കമ്മിഷനിൽ പരാതി ഉന്നയിച്ച ബി.ജെ.പി നേതാവ് സന്ദീപ് വചസ്പതിക്കും നോട്ടീസ് നിർദ്ദേശിച്ചു. മൂന്നാം കക്ഷിയുടെ പരാതിയിൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത് തെറ്റാണ്, നഷ്ടപരിഹാരം നൽകാൻ സർക്കാരിനോട് നിർദ്ദേശിക്കാനുള്ള അധികാരം കമ്മിഷനില്ല തുടങ്ങിയ വാദങ്ങളാണ് സർക്കാർ ഉന്നയിക്കുന്നത്. ആഗസ്റ്റ് 8ന് വീണ്ടും പരിഗണിക്കും.