 റിഫൈനറിയിൽ വിഷവാതക ചോർച്ച മംഗളൂരുവിൽ മലയാളി അടക്കം രണ്ട് പേർക്ക് ദാരുണാന്ത്യം 

Sunday 13 July 2025 12:00 AM IST

മംഗളൂരു: മംഗളൂരുവിൽ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിലുണ്ടായ (എം.ആർ.പി.എൽ) വിഷ വാതകചോർച്ചയെ തുടർന്ന് മലയാളി ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം. കോഴിക്കോട് കക്കോടി മോരിക്കര പൂളക്കോട്ടുമ്മൽ ബിജിൽ പ്രസാദ് (35), പ്രയാഗ്‌രാജ് സ്വദേശി ദീപ് ചന്ദ്ര എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ എം.ആർ.പി.എല്ലിൽ ടാങ്ക് പ്ലാറ്റ്‌ഫോമിന് മുകളിൽ ഇരുവരെയും ബോധരഹിതരായി കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എച്ച് 2 എസ് വാതക യൂണിറ്റിലെ ടാങ്ക് എഫ്.ബി 7029 എയിൽ (ഡ്രൈ സ്ലോപ്പ് സർവീസ് ഫ്‌ലോട്ടിംഗ് റൂഫ്) ലെവൽ തകരാറുണ്ടോയെന്ന് പരിശോധിക്കാനാണ് ഇവർ അവിടെയെത്തിയത്. വാതകം ചോർന്നതാണ് അപകടകാരണമെന്ന് അധികൃതർ സ്ഥിരീകരിച്ചു. എം.ആർ.പി.എൽ ഫയർ ആൻഡ് സേഫ്റ്റി വിഭാഗം ചോർച്ച അടച്ചു. അന്വേഷണത്തിന് എം.ആർ.പി.എൽ ഗ്രൂപ്പ് ജനറൽ മാനേജർമാർ ഉൾപ്പെട്ട ഉന്നതതല സമിതി രൂപീകരിച്ചു. രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്ര ജീവനക്കാരൻ ചികിത്സയിലാണ്.

എം.ആർ.പി.എല്ലിൽ

ഒമ്പതുവർഷം

കോഴിക്കോട് പോളി ടെക്നിക്കിൽ നിന്ന് കെമിക്കൽ എൻജിനിയറിംഗ് ഡിപ്ളോമ നേടിയ ബിജിൽ

കൊച്ചി ഫാക്ടിൽ ഏറെക്കാലം ജോലി ചെയ്‌തു. 2016ൽ എം.ആർ.പി.എല്ലിൽ ചേർന്നു. ഓപ്പറേഷൻ വിഭാഗത്തിന് കീഴിലുള്ള ഓയിൽ മൂവ്മെന്റ് ആൻഡ് സ്റ്റോറേജ് സെക്ഷനിൽ ടെക്നിക്കിൽ അസിസ്റ്റന്റായിരുന്നു. ഭാര്യ അശ്വിനി. മകൾ നിഹാര (യു.കെ.ജി). പിതാവ് ഭഗവത് പ്രസാദ്, മാതാവ് ജയറാണി. സഹോദരൻ ഷിജൻ പ്രസാദ്.