തിരുവില്വാമല മുതൽ കൽക്കുളം വരെ,​ നാലമ്പല ദർശനത്തിന് ക്ഷേത്രങ്ങൾ ഒരുങ്ങി

Saturday 12 July 2025 11:44 PM IST

തിരുവില്വാമല: തിരുവില്വാമലയിൽ ശ്രീരാമനും ലക്ഷ്മണനും കുഴൽമന്ദത്തിനടുത്ത് പുൽപ്പര മന്ദം ഭരതക്ഷേത്രവും കുത്തന്നൂർ പഞ്ചായത്തിൽ കൽക്കുളത്ത് ശത്രുഘ്‌ന ക്ഷേത്രവും കൂട്ടി പാലക്കാട് ജില്ല കൂടി ഉൾപ്പെടുത്തി 12 കിലോമീറ്ററിനുള്ളിൽ ഒരു നാലമ്പല ദർശനം.

നാലമ്പല ദർശനത്തിന് ഈ വർഷം വിപുലമായ സൗകര്യങ്ങളാണ് കൊച്ചിൻ ദേവസ്വം ബോർഡും ഇതര ക്ഷേത്രക്കമ്മിറ്റികളും ഒരുക്കുന്നത്. തിരുവില്ലാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ ശ്രീരാമ, ലക്ഷ്മണ സ്വാമിമാരുടെ ദർശനം കഴിഞ്ഞ് പെരിങ്ങോട്ടുകുറിശ്ശി കോട്ടായി വഴി കുഴൽമന്ദം സി.ഐ ഹൈസ്‌കൂൾ റോഡ് വഴി പുൽപ്പുരമന്ദത്തെ ഭരതപുരത്തെത്തി ഭരതനെ തൊഴുത് നേരെ കുത്തന്നൂർ റോഡിൽ 2 കി.മീ കഴിഞ്ഞാൽ ശത്രുഘ്‌നനെ കൽക്കുളത്ത് തൊഴുത് തിരിച്ച് നാലമ്പല ദർശനപുണ്യം പൂർത്തിയാക്കാം.

ക്ഷേത്രങ്ങൾ തമ്മിലുള്ള യാത്രാദൂരം കേവലം 22 കി.മി മാത്രമേ ഉള്ളൂ. താരതമ്യേന തിരക്ക് കുറഞ്ഞതും, പ്രകൃതിരമണീയവുമായ ഒരു ദർശന പാതയാണിത്. തിരുവില്വാമല ക്ഷേത്രത്തിൽ ഹനുമാൻ സ്വാമിയെ ദർശിക്കാമെന്നത് മറ്റൊരു മാഹാത്മ്യമാണ്. തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് എല്ലാ ദിവസവും പ്രസാദ ഊട്ട് ഉണ്ടാകും. ആരോഗ്യവകുപ്പ്, പൊലീസ് വിഭാഗങ്ങളുടെ സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി പാലക്കാട് ഡിപ്പോയിൽ നിന്ന് നാലമ്പല ദർശനവുമായി ബന്ധപ്പെട്ട് സ്‌പെഷ്യൽ സർവീസ് നടത്തുന്നതിനുള്ള ശ്രമവും നടത്തുന്നുണ്ട്.

ജൂലായ് 17 മുതൽ ആരംഭിക്കുന്ന നാലമ്പല ദർശനത്തിന് എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ, ദേവസ്വം കമ്മിഷണർ എസ്.ആർ.ഉദയകുമാർ, കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി പി.ബിന്ദു, ഡെപ്യൂട്ടി കമ്മിഷണർ സുനിൽ കർത്ത തുടങ്ങിയവർ അറിയിച്ചു.