തിരഞ്ഞെടുപ്പിനു മുമ്പേ തുഴയെറിഞ്ഞ് ബി.ജെ.പി,​ ന്യൂനപക്ഷ വിരുദ്ധ സമീപനമില്ല, കരകയറ്റം മാത്രം

Sunday 13 July 2025 1:15 AM IST

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന് 10 മാസം ശേഷിക്കെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ബി.ജെ.പി തുടക്കമിട്ടു."മാറാത്തത് ഇനി മാറും" എന്ന മുദ്രാവാക്യമാണ് ഉയർത്തിപ്പിടിക്കുക. വികസിത കേരളമാണ് ലക്ഷ്യമെന്നാണ് പാർട്ടി പ്രഖ്യാപനം. മുൻ തിരഞ്ഞെടുപ്പുകളിൽ പയറ്റിയ ന്യൂനപക്ഷ വിരുദ്ധ സമീപനവും കമ്മ്യൂണിസ്റ്റ് അക്രമവിരുദ്ധ പ്രചാരണവും ശബരിമലയും ഇടതു വലതുമുന്നണികളുടെ ന്യൂനപക്ഷ പ്രീണനവും ലൗജിഹാദുമൊന്നും ഇത്തവണയില്ല. സാമ്പത്തികപ്രതിസന്ധിയിൽ നട്ടം തിരിയുന്ന കേരളത്തിന് കേന്ദ്രസഹായത്തോടെ കരകയറാൻ ബി.ജെ.പി ഭരണം മാത്രമാണ് പോംവഴിയെന്ന സന്ദേശമാണ് ഉയർത്തിപ്പിടിക്കുക. വർഗ്ഗീയത വിളയാത്ത മണ്ണിൽ വികസനം നട്ട് വിളവെടുക്കാനാണ് പാർട്ടിയുടെ ഒരുക്കം.

ഇന്നലെ തദ്ദേശതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിനാണ് പാർട്ടി തുടക്കമിട്ടത്. നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള പരീക്ഷണമായി കൂടിയാണ് ഇതിനെ കാണുന്നത്.

2014ലെ പൊതു തിരഞ്ഞെടുപ്പിൽ 11% വോട്ട് ആയിരുന്നത് 2019 ൽ 16 %വും 2024 ൽ 20%വും ആക്കി വർദ്ധിപ്പിക്കാനായി. തദ്ദേശ തിരഞ്ഞെടുപ്പിൽ 21000 വാർഡുകളിൽ മത്സരിക്കുന്നതിലൂടെ വോട്ട് വിഹിതം 25ശതമാനത്തിൽ എത്തിക്കുകയാണ് ലക്ഷ്യം. അങ്ങനെയെങ്കിൽ നിയമസഭ തിരഞ്ഞെടുപ്പിൽ 30 ശതമാനത്തിൽ കൂടുതൽ വോട്ട് വിഹിതവുമായി മുന്നേറാമെന്നതാണ് കണക്കുകൂട്ടൽ.

അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്ന പാർട്ടിയെന്നാണ് കോൺഗ്രസിനെ ഇന്നലെ അമിത് ഷാ വിശേഷിപ്പിച്ചത്. സി.പി.എം ഭരിച്ചിരുന്ന ബംഗാളിൽ ബി.ജെ.പി പ്രധാന പ്രതിപക്ഷമായി മാറിയതും ത്രിപുരയിൽ ഭരണം പിടിച്ചെടുത്തതും അദ്ദേഹം സൂചിപ്പിച്ചു. തദ്ദേശസ്ഥാപനങ്ങളിലെ ഭരണം പിടിക്കണമെന്നും അത് സംസ്ഥാന ഭരണത്തിലേക്കുള്ള ആദ്യചുവടാണെന്നും 10 വർഷം മുമ്പ് കേരളത്തിലെത്തിയപ്പോൾ അമിത്ഷാ പറഞ്ഞിരുന്നു.ഇന്നലെ പാർട്ടിയോഗത്തിലും അദ്ദേഹം അത് ആവർത്തിച്ചു. 10 നഗരസഭകളിലെങ്കിലും ഭരണം പിടിക്കണമെന്നും അമിത്ഷാ ഇന്നലെ നിർദ്ദേശിച്ചു.