യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ
Sunday 13 July 2025 1:27 AM IST
കൊല്ലം: മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. കുരീപ്പുഴ ആനേഴത്ത് മുക്ക് കുളത്തിന്റെ വടക്കതിൽ വീട്ടിൽ ബിനുവാണ് (45) വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. രാമേശ്വരം നഗർ കല്ലമ്പള്ളി മഠത്തിൽ നിന്ന് കുരീപ്പുഴ കിഴക്കതിൽ വാടകയ്ക്ക് താമസിക്കുന്ന സുനിലിനെയാണ് (40) തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8ന് മണലിൽ ക്ഷേത്രത്തിനടുത്താണ് സംഭവം. ക്ഷേത്രത്തിന് എതിർവശത്തുള്ള ഓട്ടോറിക്ഷ സ്റ്റാൻഡിനടുത്ത് നിന്ന സുനിലിനെ പ്രതി കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. മണലിൽ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെ ഡാൻസ് കളിച്ചതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്നുണ്ടായ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. റിമാൻഡ് ചെയ്തു.