മാരാർജിഭവൻ ക്ഷേത്രം പോലെ: അമിത് ഷാ ബി.ജെ.പി.യുടെ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തു

Sunday 13 July 2025 1:28 AM IST

തിരുവനന്തപുരം: രണ്ടു ഭൂഗർഭ നിലകളടക്കം ഏഴു നിലകളിൽ തീർത്ത ബി.ജെ.പി.യുടെആസ്ഥാനമന്ദിരമായ മാരാർജിഭവൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. ഓഫീസിനു മുന്നിൽ വൃക്ഷത്തൈ നട്ടു. ഓഫീസിന്റെ നടുത്തളത്തിൽ സ്ഥാപിച്ച കെ.ജി. മാരാരുടെ അർദ്ധകായ വെങ്കല പ്രതിമ അദ്ദേഹം അനാവരണം ചെയ്തു.

ബി.ജെ.പിയെ സംബന്ധിച്ച് ഓരോ കാര്യാലയവും ക്ഷേത്രം പോലെ പവിത്രമാണ്. ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന കാര്യാലയത്തിന് തിരിതെളിച്ചപ്പോൾ ഓർത്തത് പ്രസ്ഥാനത്തിനായി ജീവൻ ബലിയർപ്പിച്ചവരെയാണെന്നും അമിത് ഷാ പറഞ്ഞു.നൂറുകണക്കിന് നമ്മുടെ സഹപ്രവർത്തകരെ മതതീവ്രവാദികളും എൽ.ഡി.എഫും കൊന്നുതള്ളിയിട്ടുണ്ട്. ആ ബലിദാനം കേരളം ബി.ജെ.പി ഭരിക്കുന്നത് കാണാനാണെന്ന് മറക്കരുത്. ആദർശത്തിന്റെ ഇരിപ്പിടമാണ് കാര്യാലയങ്ങൾ, പ്രവർത്തകരില്ലാതെ പാർട്ടി ഇല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ബി.ജെ.പി,​ ആർ.എസ്. എസ് നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി. സംസ്ഥാന നേതൃയോഗത്തിലും അദ്ദേഹം പങ്കെടുത്തു. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്തു.തദ്ദേശ,നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങാൻ സംസ്ഥാന നേതാക്കൾക്ക് നിർദ്ദേശം നൽകി. ഓഗസ്റ്റിൽ വീണ്ടും കേരളത്തിലേക്ക് വരും. അടുത്ത വരവിൽ നാലു മേഖലായോഗങ്ങൾ വിളിക്കാൻ നേതാക്കൾക്ക് നിർദ്ദേശം നൽകി.