2004 വരെ വാടകയ്ക്ക്, കൃഷ്ണകുമാറിന്റെ വീടിനുമുണ്ടൊരു പ്രത്യേകത, ഹോംടൂറുമായി അഹാന
നടനും ബി,ജെ.പി നേതാവുമായ കൃഷ്ണകുമാറും കുടുംബവും സോഷ്യൽ മീഡിയയിൽ സജീവമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ കുടുംബത്തിലെ ആറുപേർക്കും സ്വന്തം യുട്യൂബ് ചാനലുകളുമുണ്ട്. രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ പ്രസവ വീഡിയോ കഴിഞ്ഞ ദിവസങ്ങളിലാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയത്. ഇപ്പോഴിതാ അഹാനയും ഇഷാനിയും ഹൻസികയും പങ്കുവച്ച വീഡിയോ ആണ് ചർച്ചയാകുന്നത്. തങ്ങളുടെ വീടിന്റെ ഹോം ടൂർ വീഡിയോ ആണ് മൂവരും പങ്കുവച്ചിരിക്കുന്നത്. ഒരേ വീടിന്റെ ഹോം ടൂർ ആണെങ്കിലും മൂന്നുപേരുടെയും അവതരണ രീതി കൊണ്ട് വീഡിയോകൾ വ്യത്യസ്തമായ അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
2004ലാണ് ഈ വീട്ടിലേക്ക് മാറിയതെന്ന് അഹാനയും ഇഷാനിയും വീഡിയോയിൽ പറയുന്നു. വീടിന്റെ പേരിന്റെ പ്രത്യേകതയും അഹാന ചൂണ്ടിക്കാണിക്കുന്നു. വീടിന് സ്ത്രീ എന്ന പേരിട്ടതിനെ കുറിച്ചാണ് ഇവർ വ്യക്തമാക്കിയത്. അച്ഛൻ കൃഷ്ണകുമാറിന്റെ കരിയറിൽ വഴിത്തിരിവായ സ്ത്രീ എന്ന സീരിയലാണ് വീടിന്റെ പേരിന് പിന്നിലെന്ന് അഹാന പറയുന്നു. വീട്ടിലെ മറ്റ് അംഗങ്ങളെല്ലാം സ്ത്രീകൾ ആയതും സ്ത്രീ എന്ന പേര് നൽകാൻ കാരണമായെന്ന് ഇരുവരും ചൂണ്ടിക്കാണിച്ചു. ഇളയ ,സഹോദരി ഹൻസിക മാത്രമാണ് ഈ വീട്ടിൽ ജനിച്ചത് താനും ദിയയും ഇഷാനിയും മുൻപ് താമസിച്ചിരുന്ന വാടകവീട്ടിലാണ് ജനിച്ചതെന്നും അഹാന വിശദമാക്കി. .