എസ്എടി ആശുപത്രി പരിസരത്തെ മരക്കൊമ്പ് ഒടിഞ്ഞുവീണ് പരിക്കേറ്റയാൾ മരിച്ചു
Sunday 13 July 2025 10:42 AM IST
തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രി പരിസരത്ത് മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു. പരവൂർ നെടുങ്ങോലം സ്വദേശി സുനിൽ (44) ആണ് മരിച്ചത്. ഒന്നരമാസം മുൻപ് മകളുടെ ചികിത്സയ്ക്കായി എസ്എടി ആശുപത്രിയിൽ പോയപ്പോഴാണ് അപകടം ഉണ്ടായത്. പുറത്ത് കാത്തുനിൽക്കുമ്പോൾ മഴയത്ത് മരക്കൊമ്പ് ഒടിഞ്ഞ് തലയിൽ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടൻ തന്നെ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.