വഴി​പാട് വള്ളസദ്യയ്ക്ക് തുടക്കം, വഞ്ചി​പ്പാട്ട് ഉയർന്നു, പുണ്യം വി​ളമ്പി​ ആറന്മുള

Monday 14 July 2025 12:53 AM IST

കോഴഞ്ചേരി : വഞ്ചി​പ്പാട്ടി​ന്റെ അകമ്പ‌ടി​യി​ൽ പള്ളി​യോടങ്ങൾ തീരമണഞ്ഞപ്പോൾ ആറന്മുള മറ്റൊരു വള്ളസദ്യക്കാലത്തി​ന് ഇലയി​ട്ടു. പാർത്ഥസാരഥിയുടെ തി​രുമുമ്പി​ൽ വി​ഭവങ്ങൾ ഒന്നൊന്നായി​ നി​രന്നതോടെ വള്ളസദ്യ വഴിപാടുകൾക്ക് തുടക്കമായി. ഇന്നലെ രാവിലെ 11.15ന് വിശിഷ്ടാതിഥികളെ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ പതിനെട്ടാംപടിക്ക് താഴെ നിന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ട്രഷറർ രമേഷ് മാലിമേൽ എന്നി​വർ ചേർന്ന് ക്ഷേത്ര തിരുമുറ്റത്തേക്ക് സ്വീകരി​ച്ചതോടെ ചടങ്ങുകൾക്ക് തുടക്കമായി​. 11.30ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ ഭദ്രദീപം കൊളുത്തി സദ്യ ഉദ്ഘാടനം ചെയ്തു. ആരോഗ്യമന്ത്രി വീണാജോർജ്, ആന്റോ ആന്റണി.എം.പി, പ്രമോദ് നാരായൺ​ എം.എൽ.എ , അവിട്ടം തിരുനാൾ ആദിത്യ വർമ്മ എന്നിവർ ചേർന്ന് വിളക്കിന് മുമ്പിൽ സദ്യാവിഭവങ്ങൾ ഇലയിൽ വിളമ്പി. ഫുഡ് കമ്മിറ്റി കൺവീനർ എം.കെ.ശശികുമാർ കുറുപ്പ്, ജോയി​ന്റ് കൺവീനർ ബി.കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി. ക്ഷേത്ര ഐതിഹ്യവും വള്ളസദ്യ ആചാര അനുഷ്ഠാനങ്ങളും വിവരിക്കുന്ന വിസ്മയദർശനം ഡോക്കുമെന്ററിയുടെ പ്രദർശന ഉദ്ഘാടനം മന്ത്രി കെ.ബി​.ഗണേഷ് കുമാർ നിർവഹിച്ചു. വള്ളസദ്യയിൽ പങ്കെടുക്കാൻ ആദ്യം ക്ഷേത്രക്കടവിൽ എത്തിയ കോഴഞ്ചേരി , ളാക ഇടയാറന്മുള പള്ളിയോടങ്ങളെ മന്ത്രിമാർ ചേർന്ന് സ്വീകരിച്ചു. പ്രദിക്ഷണ വഴികളിലൂടെ പള്ളിയോടക്കരക്കാരെ വഴിപാടുകാർ സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു. തുടർന്ന് ഊട്ടുപുരകളിൽ സദ്യ വിളമ്പി. ഏഴ് പള്ളിയോടങ്ങൾക്കാണ് ഒന്നാംദിനം വള്ളസദ്യ ഉണ്ടായിരുന്നത്. ഇതോടെ 80 നാൾ നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കമായി. ഈ വർഷം ഇതുവരെ 412 സദ്യകൾ ബുക്ക് ചെയ്തു കഴിഞ്ഞു. പത്തനംതിട്ട ഫയർ ആൻഡ് സേഫ്റ്റി ടീം സ്ക്യൂബ ബോട്ടിൽ പമ്പയി​ൽ പള്ളിയോടങ്ങൾക്ക് സംരക്ഷണമൊരുക്കി​. പള്ളിയോട സേവാസംഘം ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ്, വൈസ് പ്രസിഡന്റ് കെ.എസ്.സുരേഷ്, വിജയകുമാർ ചുങ്കത്തിൽ, കെ.ആർ.സന്തോഷ്, ടി.കെ.രവീന്ദ്രൻ നായർ, ഡോക്ടർ സുരേഷ് ബാബു, രഘുനാഥ് കോയിപ്രം, പാർത്ഥസാരഥി ആർ.പിള്ള, പത്തനംതിട്ട ഡെപ്യൂട്ടി ദേവസ്വം കമ്മി​ഷണർ ജി.മുരളീധരൻ പിള്ള, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.കെ.ഈശ്വരൻ നമ്പൂതിരി, അസിസ്റ്റന്റ് ദേവസ്വം കമ്മി​ഷണർ ആർ.രേവതി എന്നിവർ നേതൃത്യം നൽകി​.

ഇൻഷുറൻസ് പരി​രക്ഷ

വള്ളസദ്യ, വള്ളംകളി തുടങ്ങിയ ചടങ്ങുകൾക്ക് എത്തുന്ന പള്ളിയോട തുഴച്ചിൽക്കാർക്ക് 10 ലക്ഷം രൂപയുടെയും വള്ളംകളി ഇവന്റിന് രണ്ടു കോടി രൂപയുടെയും പരി​രക്ഷ ഉറപ്പാക്കുന്ന യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായുള്ള ഇൻഷുറൻസ് കവറേജി​ന്റെ പോളിസി കൈമാറ്റം ക്ഷേത്ര തി​രുമുറ്റത്ത് നടന്നു.

വള്ളസദ്യ 80 നാൾ , ആദ്യ ദി​നം പങ്കെടുത്തത് 7 പള്ളി​യോടങ്ങൾ,

ഇതുവരെ ബുക്ക് ചെയ്ത വള്ളസദ്യകൾ : 412