കേന്ദ്ര പ്ലാനിംഗ് കമ്മിഷൻ പുനഃസ്ഥാപിക്കണം: സി.പി.ഐ

Monday 14 July 2025 12:56 AM IST

ഇരിങ്ങാലക്കുട: രാജ്യവികസനത്തിന് സഹായകരമായിരുന്ന ആസൂത്രണ കമ്മിഷൻ പുനഃസ്ഥാപിക്കണമെന്നും ഭരണഘടനയിലൂന്നിയ കേന്ദ്ര - സംസ്ഥാന ബന്ധം ആരോഗ്യപരമായി നിലനിറുത്തണമെന്നും സി.പി.ഐ തൃശൂർ ജില്ലാ സമ്മേളനം. ഊഷ്മളമായിരുന്ന കേന്ദ്ര- സംസ്ഥാന ബന്ധം ദുർബലപ്പെടുത്തി, അധികാരം കേന്ദ്രീകരിക്കാനുള്ള സംഘ്പരിവാർ അജൻഡയാണ് കേന്ദ്രം നടപ്പാക്കുന്നത്. ബി.ജെ.പിക്ക് അധികാര സാദ്ധ്യതകളില്ലാത്ത സംസ്ഥാനങ്ങളെ ഉന്നംവച്ചുള്ള രാഷ്ട്രീയ നിലപാടാണിത്.

രാജ്യത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും ആവശ്യമായ സുപ്രധാന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള കേന്ദ്ര ഉപദേശക സമിതിയായിരുന്ന ആസൂത്രണ കമ്മിഷന്റെ സേവനം അവസാനിപ്പിച്ച് സംസ്ഥാനങ്ങൾക്ക് സാമ്പത്തികാനുകൂല്യങ്ങൾ നിഷേധിച്ച് തകർക്കുന്നത് ന്യായീകരിക്കാനാകില്ല.

കേരളത്തിൽ തുടർച്ചയായ രണ്ട് ഇടതു മുന്നണി സർക്കാരുകൾ ഒമ്പത് വർഷം കൊണ്ട് കൈവരിച്ച നേട്ടങ്ങൾ രാജ്യത്തിന് മാതൃകയാണ്. ആസൂത്രണ കമ്മിഷന് പകരം സ്ഥാപിച്ച നിതി ആയോഗ് ഉൾപ്പെടെ പുറത്തുവിട്ട റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്, സാമൂഹിക ക്ഷേമം, വിദ്യാഭ്യാസം തുടങ്ങി നിരവധി കാര്യങ്ങളിൽ കേരളം മറ്റു സംസ്ഥാനങ്ങളെക്കാൾ മുന്നിലാണെന്നാണ്.

കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്കെതിരെയുള്ള കേന്ദ്ര നിലപാടുകൾ വെല്ലുവിളിയാണെന്നും ജില്ലാ സമ്മേളനം പ്രമേയത്തിൽ വിലയിരുത്തി.