ഇരട്ടക്കൊല: കൂടരഞ്ഞിയിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം തയ്യാറാക്കി
Monday 14 July 2025 1:13 AM IST
കോഴിക്കോട്: രണ്ടു കൊലക്കേസ് ഏറ്റുപറഞ്ഞ വേങ്ങര ചേറൂർ തായ്പറമ്പ് മുഹമ്മദലി നൽകിയ സൂചന പ്രകാരം തിരുവമ്പാടി പൊലീസ് കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം തയ്യാറാക്കി. ജയിലിലെത്തി മുഹമ്മദലിയെ രേഖാചിത്രം കാണിച്ചു. കൊല്ലപ്പെട്ടത് ഇയാൾതന്നെയാണെന്ന് മുഹമ്മദലി പറഞ്ഞതായി പൊലീസ് അറിയിച്ചു. സംഭവം നടക്കുന്ന 1986ൽ തിരുവമ്പാടി എസ്.ഐയായിരുന്ന ഒ.പി. തോമസിനെയും രേഖാചിത്രം കാണിച്ച് തെളിവെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
അതേസമയം 89ൽ കോഴിക്കോട് വെള്ളയിൽ നടന്ന കൊലപാതകത്തിൽ മരിച്ചതാരാണെന്ന് പൊലീസിന് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല. കൂടരഞ്ഞിയിലും വെള്ളയിലും നടന്നെന്ന് പറയപ്പെടുന്ന കേസിൽ പഴയ എഫ്.ഐ.ആർ പോലും പൊലീസിന്റെ പക്കലില്ല. പ്രതിയെത്തി കുറ്റം ഏറ്റു പറഞ്ഞാലും 39 വർഷത്തിനു ശേഷം പഴയ കേസ് ഡയറി കണ്ടുപിടിക്കുക ശ്രമകരമാണെന്ന് പൊലീസ് വ്യക്തമാക്കി.