'2026 മാർച്ച് മാസത്തോടെ 500 രൂപ നോട്ടുകൾ പിൻവലിക്കും'? ജനങ്ങൾ പരിഭ്രാന്തിയിൽ; പ്രചാരണത്തിന്റെ സത്യാവസ്ഥ
ന്യൂഡൽഹി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശം രാജ്യത്ത് പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. 2026 മാർച്ച് മാസത്തോടെ 500 രൂപയുടെ നോട്ടുകൾ ഘട്ടം ഘട്ടമായി പിൻവലിക്കുമെന്നാണ് സന്ദേശത്തിൽ അവകാശപ്പെടുന്നത്. സന്ദേശം സത്യമാണെന്ന് കരുതി പലരും വിശ്വസിക്കുകയുണ്ടായി. എന്നാൽ ഇപ്പോഴിതാ ഈ പ്രചാരണത്തിന്റെ സത്യാവസ്ഥ എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടക്കുന്ന പ്രചരണം തീർത്തും വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 500 രൂപ നോട്ട് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശം പുറപ്പെടുവിച്ചിട്ടില്ലെന്നും നോട്ടുകൾ സാധുവായി തുടരുമെന്നും ആർബിഐ അറിയിച്ചതായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കുന്നു.
'2025 സെപ്തംബർ 30 ഓടെ എല്ലാ ബാങ്കുകളും എടിഎമ്മുകളിൽ നിന്ന് 500 രൂപ നോട്ടുകൾ വിതരണം ചെയ്യുന്നത് നിർത്തണമെന്ന് ആർബിഐ ആവശ്യപ്പെട്ടു. ആദ്യ ഘട്ടത്തിൽ 75 ശതമാനവും 2026 മാർച്ച് 31ഓടെ 90 ശതമാനം പണവും എടിഎമ്മുകളിൽ നിന്ന് വിതരണം ചെയ്യുന്നത് നിർത്തും. 100, 200 എന്നീ നോട്ടുകൾ മാത്രമായിരിക്കും എടിഎമ്മുകളിൽ നിന്ന് വിതരണം ചെയ്യുക. അതുകൊണ്ട് ഇപ്പോൾ മുതൽ നിങ്ങളുടെ കൈയിലുള്ള 500 രൂപ നോട്ടുകൾ ഒഴിവാക്കാൻ തുടങ്ങൂ'- എന്നായിരുന്നു പ്രചരിച്ച സന്ദേശത്തിലുണ്ടായിരുന്നത്.
സന്ദേശം വൈറലായതോടെ ആളുകൾ പരിഭ്രാന്തരായി. ഭയന്ന് പലരും തിരക്കിട്ട് 500 രൂപ നോട്ടുകൾ ഒഴിവാക്കാൻ തുടങ്ങി. എന്നാൽ ഈ അവകാശവാദത്തെ പിന്തുണയ്ക്കുന്ന ഒരു സർക്കുലറോ പ്രഖ്യാപനമോ പുറത്തിറക്കിയിട്ടില്ലെന്നും 500 രൂപ നോട്ടുകൾ രാജ്യമെമ്പാടും ഉപയോഗിക്കുന്നത് പൂർണ്ണമായും സാധുവായി തുടരുമെന്നും ആർബിഐ വ്യക്തമാക്കി.