പങ്കാളിയുടെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്തത് തെളിവായി പരിഗണിക്കാം; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി
ന്യൂഡൽഹി: വിവാഹമോചനക്കേസുകളിൽ പങ്കാളിയുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്തത് തെളിവായി പരിഗണിക്കാമെന്ന് സുപ്രീംകോടതി. ഇത്തരം തെളിവുകൾ സ്വീകരിക്കാനാകില്ലെന്ന പഞ്ചാബ് - ഹരിയാന ഹെെക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ പുതിയ വിധി. ഇത് മൗലികാവകാശ ലംഘനമല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
ഭാര്യ അറിയാതെ അവരുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമാണെന്നും അതിനാൽ കുടുംബ കോടതിയിൽ ഇത് തെളിവായി സ്വീകാര്യമല്ലെന്നുമാണ് പഞ്ചാബ് - ഹരിയാന ഹെെക്കോടതി വിധിച്ചിരുന്നത്. ഇന്ത്യൻ തെളിവ് നിയമത്തിലെ 122-ാം വകുപ്പ് ചൂണ്ടിക്കാട്ടിയായിരുന്നു പഞ്ചാബ് - ഹരിയാന ഹെെെക്കോടതി ഉത്തരവ്. എന്നാൽ ഭരണഘടനയുടെ 21-ാം അനുച്ഛേദം എല്ലാ കേസുകളിലും നീതിയുക്തമായ വിചാരണ ഉറപ്പിക്കുന്നതാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
മൗലികാവകാശ ലംഘനത്തിന്റെ പേരിൽ തെളിവ് മാറ്റി നിർത്താനാകില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. രഹസ്യമായി റെക്കോർഡ് ചെയ്യുന്ന പങ്കാളിയുടെ ഫോൺ സംഭാഷണം തെളിവായി പരിഗണിക്കുന്നത് ഗാർഹിക ഐക്യത്തെ തകർക്കുമെന്നും ഭാര്യാഭർത്താക്കന്മാർക്കിടയിൽ പരസ്പരം സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കാനുള്ള പ്രവണത വർദ്ധിപ്പിക്കുമെന്നുമുള്ള വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. വിവാഹമോചനക്കേസുകളിൽ തെളിവ് ശേഖരണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശയക്കുഴപ്പങ്ങൾക്കാണ് ഈ വിധിയിലൂടെ വിരാമമിട്ടിരിക്കുന്നത്.