കേരഗ്രാമം: തെങ്ങുകൃഷിയെ വേരുറപ്പിയ്ക്കും, മൂന്നിടങ്ങളിൽ തുടക്കം

Tuesday 15 July 2025 12:28 AM IST

തൃശൂർ: തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില കുതിക്കുന്നതിനിടെ, തെങ്ങുകൃഷിയിൽ ശാസ്ത്രീയ പരിചരണമുറകൾ അവലംബിച്ച് നാളികേര ഉത്പാദനവും ഉത്പാദനക്ഷമതയും കൂട്ടാനുള്ള കേരഗ്രാമം പദ്ധതിക്ക് വേഗം കൂട്ടുന്നു. വാടാനപ്പിള്ളി, കാട്ടൂർ പഞ്ചായത്തുകളെയും ചാവക്കാട്ടെ പൂക്കോടിനെയുമാണ് കേരഗ്രാമം പദ്ധതിക്കായി ജില്ലയിൽ നിന്ന് തിരഞ്ഞെടുത്തത്.

ക്ലസ്റ്റർ അടിസ്ഥാനത്തിൽ തെങ്ങ്കൃഷിയും പരിപാലനവും കൂട്ടുകയാണ് ലക്ഷ്യം. ഈ വർഷം എട്ടുലക്ഷം രൂപ ഓരോ ഗ്രാമത്തിന് നൽകും. വളപ്രയോഗത്തിനും തടം തുറക്കുന്നതിനും ഇടവിളയ്ക്കും പമ്പ് സെറ്റിനും മൈക്രോ ഇറിഗേഷനും തെങ്ങുകയറ്റയന്ത്രത്തിനും അടക്കം 50 % വരെ സബ്‌സിഡിയുണ്ട്.

തീരദേശം അനുകൂലം

നിയോജക മണ്ഡലം അടിസ്ഥാനത്തിലാണ് ഓരോ ഗ്രാമങ്ങളെയും തിരഞ്ഞെടുക്കുന്നത്. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും തെങ്ങുകൃഷിക്ക് ഉണർവേകാനും വഴിയൊരുക്കാനുള്ള പദ്ധതിയുടെ തുടർനടപടികൾ, സർവേ നടത്തി സ്ഥിതിവിവര കണക്കുകൾ ശേഖരിച്ചാണ് കൈക്കൊള്ളുന്നത്. കൃഷി ഭവൻ, പഞ്ചായത്ത്, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവ കൈകോർത്ത് കേരതീരം പദ്ധതി തീരദേശത്ത് ശക്തമാക്കിയിരുന്നു. മുൻപ് കടപ്പുറം പഞ്ചായത്തിൽ ഉത്പാദന ക്ഷമത കൂടിയ ആയിരം തെങ്ങിൻ തൈകൾ നട്ടാണ് തുടങ്ങിയത്. തൊഴിലുറപ്പ് തൊഴിലാളികൾ വഴിയാണ് തെങ്ങിൻ തൈ നടാനുള്ള കുഴികൾ തയ്യാറാക്കാറുള്ളത് ഇതിലൂടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ ദിനം സൃഷ്ടിക്കാനും കഴിഞ്ഞിരുന്നു. തീരദേശമേഖല തെങ്ങ് കൃഷിക്ക് കൂടുതൽ അനുയോജ്യമായതിനാൽ വലിയ പ്രതീക്ഷയാണ് തീരദേശങ്ങളിലെ തദ്ദേശസ്ഥാപനങ്ങൾക്കുള്ളത്. തീരപ്രദേശങ്ങളിലേക്ക് കേരഗ്രാമം വ്യാപിപ്പിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

മൂന്നുവർഷത്തെ പദ്ധതി

മൂന്ന് വർഷത്തേക്കുള്ള പദ്ധതിയാണിത്. കൃഷിഭവനുകൾ മുഖേനയാണ് വളം, കുമ്മായം, മറ്റ് പോഷകഘടകങ്ങൾ, ജൈവളങ്ങൾ, കീടനിയന്ത്രണ ഉപാധികൾ തുടങ്ങിയവയെല്ലാം നൽകും. കേരഗ്രാമം കമ്മിറ്റി ചേർന്ന് പ്രവർത്തനം വിലയിരുത്തും. അത്യുത്പാദന ശേഷിയുള്ള ഗുണമേന്മയേറിയ തെങ്ങിൻ തൈകൾ കർഷകർക്ക് 50 ശതമാനം സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുന്നുണ്ട്. ഇതിൽ മൂന്നുവർഷത്തിനുള്ളിൽ കായ്ക്കുന്ന തെങ്ങുകളുമുണ്ട്.

പദ്ധതി വഴി നടപ്പാക്കുന്നത്

  • തെങ്ങ് കൃഷിയുടെ സമഗ്രപരിചരണം
  • സംയോജിത പരിചരണമുറകൾ
  • ജലസേചന സൗകര്യം മെച്ചപ്പെടുത്തൽ
  • ജൈവവള ഉത്പാദനം
  • തെങ്ങുകയറ്റ യന്ത്രങ്ങളുടെ വിതരണം.

കേരഗ്രാമം പദ്ധതി ഊർജിതമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

- നിംബ ഫ്രാങ്കോ, പ്രിൻസിപ്പൽ കൃഷി ഓഫീസർ, തൃശൂർ.