അപൂർവ ജനിതക രോ​ഗം, വിധവയായ വീട്ടമ്മ സഹായംതേടുന്നു

Tuesday 15 July 2025 1:32 AM IST

കിളിമാനൂർ: അപൂർവ്വ ജനിതക രോഗം ബാധിച്ച വിധവയായ നിർധന വീട്ടമ്മ സുമനസുകളുടെ സഹായം തേടുന്നു. നഗരൂർ കോട്ടയ്ക്കൽ പാവൂർകോണം കല്ലുകീറിവീട്ടിൽ എസ്.സുനിതയാണ് (46)​ സഹായം തേടുന്നത്. നാഡികളുടെ പ്രവർത്തനം കുറഞ്ഞ് പേശികൾ ദുർബലമാകുന്ന ഹെറിഡിറ്ററി സ്പാസ്റ്റിക് പാരാപ്ലീജിയ എന്ന രോ​ഗത്തിന്റെ ചികിത്സയിലാണ് സുനിത. നാല്പത് കഴിയുമ്പോൾ രോഗലക്ഷണങ്ങൾ ആരംഭിക്കുകയും ക്രമേണ കാലുകൾ തളർന്ന് കിടപ്പിലാവുകയും ശരീരത്തിലെ പേശികളെ ദുർബലപ്പെടുത്തി മരണം സംഭവിക്കുന്നതുമാണ് രോഗം. സുനിതയുടെ അച്ഛൻ സുധീന്ദ്രൻ രോഗം ബാധിച്ച് 52-ാം വയസിലാണ് മരിച്ചത്. സുധീന്ദ്രന്റെ അഞ്ചുസഹോദരങ്ങളും സുനിതയുടെ സഹോദരൻ അനിൽകുമാർ എന്നിവരും ഇതേ അസുഖം ബാധിച്ചാണ് മരിച്ചത്. മറ്റൊരു സഹോദരൻ സുനിൽകുമാർ,സഹോദരി അജിത എന്നിവരും ഇതേ രോഗത്തിന്റെ ചികിത്സയിലാണ്. ഒരുമകനുണ്ട് സുനിതയ്ക്ക്. പ്ലസ്ടു കഴിഞ്ഞ് തുടർപഠനത്തിന് വഴിയില്ലാതെ പഠനം മുടങ്ങിയ അവസ്ഥയിലാണ്.

സുനിതയുടെ അസുഖത്തിന് സ്ഥിരമായ പ്രതിവിധിയില്ലെങ്കിലും ടോക്സിൻ ഇഞ്ചക്ഷനിലൂടെ ജീവൻ പിടിച്ച് നിറുത്താനും രോ​ഗാവസ്ഥയുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും കഴിയും. ഇതിനായി ലക്ഷക്കണക്കിന് രൂപയുടെ ചെലവുണ്ട്. നിലവിൽ തിരുവനന്തപുരം ശ്രീചിത്രയിലെ ചികിത്സയാണ്. എന്നാൽ ഒരുനേരത്തെ ആഹാരത്തിനുപോലും ബുദ്ധിമുട്ടുന്ന കുടുംബം ബന്ധുക്കളുടേയും നാട്ടുകാരുടെയും സഹായത്തിലാണ് ഇതുവരെ ചികിത്സ ചെലവ് കണ്ടെത്തിയത്. മാതാവ് ലീലയുടെ പേരിൽ ഐ. ഒ.ബി വടശേരിക്കോണം ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ 07690 1000014216 ഐ.എഫ്.എസ്.സി IOBA0000769 ഫോൺ നമ്പർ 9544170519. ​ഗൂ​ഗിൾ പേ നമ്പർ 9567694989.