പ്രധാനാദ്ധ്യാപകരുടെ കീശ കാലി , ഉച്ചഭക്ഷണ മെനു പരിഷ്കരണം പ്രതിസന്ധിയിൽ

Monday 14 July 2025 8:11 PM IST

ക​ണ്ണൂ​ർ:പ്രധാനാദ്ധ്യാപകരുടെ കീശ കാലിയായതോടെ പരിഷക്കരിച്ച ഉച്ചഭക്ഷണ മെനു പ്രതിസന്ധിയിൽ.എ​ഗ് ഫ്രൈ​ഡ് റൈ​സ്, ലെ​മ​ൺ റൈ​സ്, കാ​ര​റ്റ് റൈ​സ്, മു​ട്ട അ​വി​യ​ൽ, മു​ട്ട റോ​സ്റ്റ് എന്നിവയായിരുന്നു പുതിയ ഉച്ചഭക്ഷണ മെനുവിൽ ഉൾപ്പെടുത്തിയത്.എന്നാൽ

ഇ​ര​ട്ടി സാ​മ്പത്തിക ബാ​ദ്ധ്യ​ത​യു​ണ്ടാ​ക്കു​ന്ന​തി​നാ​ൽ മി​ക്ക സ്കൂ​ളു​ക​ളി​ലെ​യും പ്രധാനാ​ദ്ധ്യാ​പ​ക​ർ പരിഷ്കരിച്ച മെനുവിൽ നിന്നും പിന്നോട്ടടിച്ചിരിക്കുകയാണ്.

തു​ട​ക്ക​ത്തി​ൽ കു​റ​ച്ച് ദി​വ​സം മെ​നു അ​നു​സ​രി​ച്ചു​ള്ള ഭ​ക്ഷ​ണം ചു​രു​ക്കം ചി​ല സ്കൂ​ളു​ക​ളി​ൽ ന​ൽകി​യെ​ങ്കി​ലും ഇ​പ്പോ​ൾ പ​ഴ​യ മെ​നു​ പ്രകാരമാണ് ഭ​ക്ഷ​ണം ന​ൽകുന്ന​ത്. സാ​മ്പാർ, ഉ​പ്പേ​രി, മോ​ര് ക​റി ഒ​പ്പം ചോ​റും. പോ​ഷ​കാ​രോ​ഗ്യ​ത്തി​നാ​യി മു​ട്ട​യും പാ​ലും ന​ൽകുന്നു​ണ്ട്.

700 കുട്ടികൾക്ക് ഒരു ലക്ഷം ചിലവ്

പു​തി​യ മെ​നു പ്രകാരം 700 കു​ട്ടി​ക​ൾ ഉ​ള്ള ഒ​രു സ്കൂ​ളാ​ണെ​ങ്കി​ൽ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ഒ​രു മാ​സം ഒ​രു​ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ് വ​രും. ഇ​ത് സ​ർ​ക്കാ​ർ കൃ​ത്യ​മാ​യി ന​ൽകിയി​ല്ലെ​ങ്കി​ൽ അ​ദ്ധ്യാപ​ക​ർ​ക്ക് വിലയ ബാദ്ധ്യതയാകും. നി​ല​വി​ൽ പു​തി​യ മെ​നു ന​ൽകിയ സ്കൂ​ളു​ക​ൾ​ക്കും പ​ഴ​യ മെ​നു അ​നു​സ​രി​ച്ച് ഭ​ക്ഷ​ണം ന​ൽകിയ സ്കൂ​ളു​ക​ൾ​ക്കും ഫ​ണ്ട് ല​ഭി​ച്ചി​ട്ടി​ല്ല. പ്രധാനാദ്ധ്യാപക​ർ ഇ​പ്പോ​ൾ ത​ന്നെ ക​ട​ക്കെ​ണി​യി​ലാ​ണ്. ഈ ​മാ​സം ഉ​ച്ച​ഭ​ക്ഷ​ണം ന​ൽകുന്നതിനായി നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ് ഇവർ.

ഫണ്ട് അനുവദിക്കാതെ സർക്കാർ

മെ​നു​വി​ൽ വ്യത്യസ്ത വിഭവങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അ​തി​ന​നു​സ​രി​ച്ച് സ​ർ​ക്കാ​ർ ഫണ്ട് അ​നു​വ​ദി​ച്ചി​ട്ടി​ല്ല. ഇതോടെ വെട്ടിലായത് പ്രധാനാദ്ധ്യാപകരാണ്.ഇ​ത്ര​യും വി​ഭ​വ​ങ്ങ​ൾ കു​റ​ഞ്ഞ സ​മ​യ​ത്തി​ൽ ഉണ്ടാക്കുക എ​ന്ന​തും പ്ര​തിസന്ധിയാണ്. 500 കു​ട്ടി​ക​ൾ​ക്ക് ഒ​രു പാ​ച​ക​തൊ​ഴി​ലാ​ളി എ​ന്ന​താ​ണ് ഇ​പ്പോ​ഴും സ​ർ​ക്കാ​ർ അനുപാതം. ഒ​രു കു​ട്ടി​ക്ക് എ​ൽ.​പി ക്ലാ​സി​ൽ 6.78 രൂ​പ​യും യു​.പി മു​ത​ൽ 10.17 രൂ​പ​യു​മാ​ണ് ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ഒ​രു ദി​വ​സം അ​നു​വ​ദി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ന് അ​നു​സരിച്ച് നി​ര​ക്കി​ൽ മാ​റ്റം വ​രാം. അ​രി മാ​വേ​ലി സ്റ്റോ​റു​ക​ളി‍​ൽ നി​ന്ന് ല​ഭി​ക്കും. പാ​ച​ക​ക്കൂ​ലി​യും സ​ർ​ക്കാ​ർ ന​ൽ​കും. പാ​ച​ക​വാ​ത​കം, പ​ച്ച​ക്ക​റി​ക​ൾ ഇ​വ എ​ത്തി​ക്കാ​നു​ള്ള വാ​ഹ​ന​ക്കൂ​ലി​യും ചേ​ർ​ത്താ​ണ് സ​ർ​ക്കാ​ർ വി​ഹി​തം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.​ ക​ഴി​ഞ്ഞ വ​ർ​ഷം പ്രൈ​മ​റി ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് 60 പൈ​സ​യു​ടെ വ​ർ​ദ്ധനവ് മാ​ത്ര​മാ​ണ് സ​ർ​ക്കാ​ർ ന​ട​പ്പിൽ വരുത്തിയത്.