പനച്ചമൂട് പുളിമൂട്ട് റോ‌ഡിലെ ഗതാഗതകുരുക്കിന് മോചനമില്ല

Tuesday 15 July 2025 1:15 AM IST

വെള്ളറട: പനച്ചമൂട് പുളിമൂട്ട് റോഡിലെ ഗതാഗതകുരുക്കിന് അറുതിയില്ല. മലയോര ഹൈവേയിലെ പാറശാല വെള്ളറട റോഡിലെ പ്രധാന ഭാഗമായ കേരള തമിഴ്നാട് അതിർത്തി പങ്കിടുന്ന പനച്ചമൂട് പുളിമൂട്ടിൽ, തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകൾ റോഡിൽ പാർക്ക് ചെയ്യുന്നതുകാരണം ഗതാഗത കുരുക്കിൽപ്പെടാതെ മറ്റു വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്.

മാർത്താണ്ഡത്തു നിന്നും നാഗർകോവിലിൽ നിന്നും വരുന്ന ബസുകൾ ഒരു സമയം അഞ്ചെണ്ണമെങ്കിലും റോഡ് സൈഡിൽ പാർക്ക് ചെയ്തിരിക്കും. നിരവധി ബിസിനസ് സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന പുളിമൂട് മുതൽ സെന്റ് ജോസഫ് ഹോസ്പിറ്റൽ ഗേറ്റ് വരെയാണ് വാഹനങ്ങളുടെ പാർക്കിംഗ്. തൊട്ടപ്പുറത്ത് തമിഴ്നാട് ഗ്രാമപഞ്ചായത്ത് വെള്ളച്ചിപ്പാറ റോഡിൽ തമിഴ്നാട് ബസുകൾ തിരിയുന്നതിനും പാർക്ക് ചെയ്യുന്നതിനും ഡിപ്പോ നിർമ്മിച്ചിട്ടുണ്ടെങ്കിലും ബസുകളെല്ലാം റോഡിൽ തന്നെയാണ് ആളെയിറക്കിയശേഷം പാർക്ക് ചെയ്യുന്നത്.

റോഡിന്റെ ഒരു സൈഡിൽ ടാക്സിസ്റ്റാന്റുണ്ട്. റോഡ് വീതികൂട്ടിയെങ്കിലും തമിഴ്നാട് ഭാഗത്തെ റോഡിൽ നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കാത്തതുകാരണം കുറച്ചു ഭാഗത്ത് റോഡിൽ തീരെ വീതിയില്ലാത്ത അവസ്ഥയാണ്.

കുരുക്കിലമർന്ന് ജനങ്ങൾ

അടിയന്തരഘട്ടങ്ങളിൽ രോഗികളുമായി എത്തുന്ന ആംബുലൻസ് പോലും ഗതാഗതക്കുരുക്കിൽ പെടാതെ പോകാൻ കഴിയാത്ത അവസ്ഥയാണ്. തമിഴ്നാട് ട്രാൻസ്പോർട്ട് ബസുകൾ ആളെയിറക്കിയശേഷം ഡിപ്പോയിൽ പാ‌ർക്ക് ചെയ്താൽ ഇവിടുത്തെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയുമായിരുന്നു. കേരള തമിഴ്നാട് അധികൃതർ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.