ഒരു വർഷം നീണ്ട പ്രതികാരം, ഒടുവിൽ ജീവൻ വെടിഞ്ഞ് രണ്ടുപേർ

Tuesday 15 July 2025 2:43 AM IST

തിരുവനന്തപുരം: കഴിഞ്ഞ ഓണത്തിന് അത്തപൂവിടലുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കവും കൈയാങ്കളിയുമാണ് പിന്നീട് പൊലീസ് കേസിലേക്കും പഞ്ചായത്ത് മെമ്പർ അരുണിന്റെയും അമ്മയുടെയും ആത്മഹത്യയിലേക്കും നയിച്ചതെന്ന് നാട്ടുകാരും സുഹൃത്തുക്കളും പറയുന്നു. അരുണിന്റെ വീടിന് സമീപത്തെ പാട്ടിക്കവിള ജംഗ്‌ഷനിൽ ഓണാഘോഷത്തോടനുബന്ധിച്ച് ഡാൻസ് കളിച്ചതുമായി ബന്ധപ്പെട്ടായിരുന്നു തുടക്കം. ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിട്ടുള്ളവരുമായുണ്ടായ വാക്കുതർക്കം അന്ന് കൈയാങ്കളിയിലെത്തി. സംഭവത്തിൽ അരുണിനും എതിർവിഭാഗത്തിൽപ്പെട്ടവർക്കും മർദ്ദനമേറ്റു. തുടർന്ന് ഇരുകക്ഷികളും പൊലീസിൽ കൗണ്ടർ പരാതികൾ നൽകി. സംഭവത്തിൽ ഉൾപ്പെട്ട ഒരാളിനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും അടിപിടിക്കിടെ ഒരാളിന്റെ മാല അരുൺ പൊട്ടിച്ചെടുത്തെന്നുമുള്ള രണ്ട് കേസുകളും നൽകി.

എന്നാൽ ഇരുകൂട്ടരും നൽകിയ കേസുകളിൽ തുടർ നടപടികളുണ്ടായില്ല. അടുത്തിടെ അരുണിനെതിരെ എതിർകക്ഷികൾ കോടതിയെ സമീപിച്ചു. ഇതിൽ കേസെടുത്താൽ ജാമ്യം ലഭിക്കാൻ സാദ്ധ്യതയില്ലെന്ന് അരുൺ ഭയപ്പെട്ടിരുന്നതായി അടുത്ത സുഹൃത്ത് ജയൻ പറയുന്നു.

കുറച്ചു ദിവസങ്ങളായി അരുൺ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും പലകാര്യങ്ങളിൽ നിന്നും ഉൾവലിഞ്ഞു നിന്നതായും അരുണിന്റെ സുഹൃത്തും പഞ്ചായത്ത് മെമ്പറുമായ ഫയസ് കേരളകൗമുദിയോട് പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്ന് അരുൺ അടുപ്പക്കാരോട് പറയുകയും ചെയ്‌തിരുന്നു.

തുകയും കിട്ടിയില്ല

വാർഡിൽ നടക്കുന്ന ചന്തയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി മാർക്കറ്റിൽ അടിഞ്ഞുകൂടിയ മാലിന്യം വൃത്തിയാക്കാൻ അരുൺ കൈയിൽ നിന്നും പണം ചെലവാക്കിയിരുന്നു. തൊഴിലാളികളെ സംബന്ധിച്ച കണക്കുകൾ നൽകുന്ന മുറയ്‌ക്ക്‌ പണം നൽകാമെന്നായിരുന്നു അധികൃതരുടെ ഉറപ്പ്. പണി പൂർത്തിയായ ശേഷം പഞ്ചായത്ത് കമ്മിറ്റിയിൽ പഞ്ചായത്ത് സെക്രട്ടറി ഇക്കാര്യം അറിയിച്ചെങ്കിലും ബി.ജെ.പിയിലെ അഞ്ച് അംഗങ്ങൾ എതിർത്തു. ഇതോടെ ചെലവഴിച്ച 25,000 ത്തോളം രൂപ തിരികെ കിട്ടിയില്ല.

എല്ലാം അമ്മയായിരുന്നു

കുട്ടിക്കാലത്ത് പിതാവ് ഉപേക്ഷിച്ചശേഷം അരുണിന് എല്ലാമെല്ലാം തന്റെ അമ്മയായിരുന്നു. മകനോടും അമ്മയുടെ വാത്സല്യം അത്രമേൽ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഒറ്റ മകനായിരുന്നതിനാൽ അരുൺ എന്തുപറഞ്ഞാലും അമ്മ എതിർക്കാറില്ല. തിരിച്ചും അങ്ങനെ തന്നെ. താൻ ഇല്ലാതായാൽ അമ്മയ്‌ക്ക് ആരുമുണ്ടാകില്ലെന്ന തോന്നലാകാം അമ്മയെക്കൂടി മരണത്തിലും ഒപ്പം കൂട്ടിയതെന്ന് നാട്ടുകാർ പറയുന്നു.

ഭാര്യയെയും മകനെയും തിരികെ കൂട്ടിയില്ല

എല്ലാ ശനിയാഴ്ചയും അരുണിന്റെ ഭാര്യ റീമയെയും മകൻ തേജസിനെയും പണയിൽക്കടവിലെ റീമയുടെ വീട്ടിൽ കൊണ്ടുപോകുന്നത് പതിവായിരുന്നു. ഞായറാഴ്ച ഉച്ചയോടെ അരുൺ ഇവരെ തിരികെ കൂട്ടിക്കൊണ്ടുവരികയും ചെയ്യും. കഴിഞ്ഞ ശനിയാഴ്ചയും ഇരുവരെയും പണയിൽക്കടവിലെ വീട്ടിലാക്കി. ഞായറാഴ്ച അരുണെത്താതായതോടെ റീമ ഫോണിൽ വിളിച്ചെങ്കിലും ഒരുദിവസം കൂടി അവിടെ തുടരാനും ഇന്നലെ രാവിലെ കൂട്ടികൊണ്ടുവരാമെന്നുമായിരുന്നു അരുൺ ഉറപ്പ് നൽകിയത്.