മുങ്ങിമരണം: ജാഗ്രതാ നിർദേശവുമായി ഫയർഫോഴ്സ് അപകടം മുന്നിലുണ്ട്
കിളിമാനൂർ: നാട്ടിൻപുറങ്ങളിൽ മുങ്ങിമരണങ്ങൾ വർദ്ധിച്ചതോടെ ജാഗ്രതാ നിർദ്ദേശവുമായി ഫയർഫോഴ്സ്. റോഡപകടങ്ങൾ കഴിഞ്ഞാൽ ഏറ്റവും അധികം ആളുകൾ മരിക്കുന്നത് മുങ്ങിമരണങ്ങളിലൂടെയാണ്. ഇതിലേറെയും 20 വയസിന് താഴെയുള്ളവർ. നിന്തലറിയാവുന്നവർ പോലും ആഴങ്ങളിലേക്ക് മുങ്ങിത്താഴുന്ന അവസ്ഥ. വിനോദസഞ്ചാരത്തിനും മറ്റുമെത്തുന്ന സംഘങ്ങൾ പ്രകൃതിയൊരുക്കിയ സൗന്ദര്യത്തിനും അപ്പുറം പ്രകൃതിയുടെ തന്നെ കെണി അറിയാതെ പോകുന്നതാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്. വാമനപുരം നദി, ഖനനം കഴിഞ്ഞ് ഉപേക്ഷിച്ച പാറക്കുളങ്ങൾ എന്നിവ നിരവധി വിദ്യാർത്ഥികളുടെ ജീവനെടുത്തിട്ടുണ്ട്.
നീന്തൽ അറിയില്ലേ... എങ്കിൽ കരയ്ക്കിരിക്കാം
പുല്ലുവളർന്നു നിൽക്കുന്ന വെള്ളക്കെട്ടുകൾക്ക് ആഴം കുറവാണെന്ന വിശ്വാസത്തിൽ കുളത്തിലിറങ്ങുന്നവരും സംരക്ഷിക്കാൻ ഞങ്ങളുണ്ടെന്ന ധാരണയിൽ കുട്ടികളുമായിറങ്ങുന്ന രക്ഷകർത്താക്കളും നീന്തൽ അറിയില്ലെങ്കിലും സുഹൃത്തുക്കൾക്ക് അറിയാമല്ലോ എന്ന ആത്മവിശ്വാസത്തിലും ഒരുകാരണവശാലും പുഴയിലിറങ്ങരുത്. നീന്തലറിയാവുന്ന സുഹൃത്തിന്റെ ജീവൻകൂടി അപകടത്തിലാകും.
വെള്ളത്തിൽ വീണവർക്ക് കമ്പോ കയറോ നീളമുള്ള വസ്ത്രമോ ഇട്ടുനൽകി രക്ഷപ്പെടുത്താൻ ശ്രമിക്കാം. എന്നാൽ വെള്ളത്തിൽ മുങ്ങിത്താഴ്ന്നാൽ മരണത്തിലേക്കുള്ള ദൂരം ഏതാനും മിനുട്ടുകൾ മാത്രം മതിയെന്നതിനാൽ രക്ഷിക്കുക അത്യന്തം ശ്രമകരമാണ്.
ശ്രദ്ധ വേണം
വിനോദയാത്രയ്ക്കിടെ അടിയൊഴുക്കും മറ്റും അറിഞ്ഞു മാത്രം ജലാശയങ്ങളിൽ ഇറങ്ങുക
മറ്റുള്ളവരെ രക്ഷിക്കാൻ നീന്തലറിയാത്തവർ വെള്ളത്തിലേക്ക് എടുത്തുചാടരുത്
പകരം കയറോ തുണിയോ കമ്പോ നീട്ടിക്കൊടുത്തു കയറ്റാൻ ശ്രമിക്കുക.
പാറക്കുളങ്ങളിലും ജലാശയങ്ങളിലും അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുക
അപകടം എപ്പോഴും മുന്നിൽ
നീന്തലറിയാവുന്നവർപോലും പരിചയമില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങുന്നത് അപകടസാദ്ധ്യത വർദ്ധിപ്പിക്കും. മഴക്കാലമായതോടെ ജലാശയങ്ങളിലെല്ലാം ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇടവിട്ട് മഴപെയ്യുന്നതിനാൽ നദികളിൽ ഏത് നിമിഷവും മലവെള്ളം കുത്തിയൊഴുകിയെത്താം. ഒഴുക്കിൽപ്പെടുകയോ കയങ്ങളിൽ മുങ്ങിത്താഴുകയോ ചെയ്താൽ മരണം ഉറപ്പ്. ഉൾപ്രദേശങ്ങളിൽ ജലാശയങ്ങളിൽ വേലിയും ചുറ്റുമതിലും കെട്ടി സുരക്ഷ ഉറപ്പാക്കാത്തതും അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്.
നീന്തൽ പരിശീലനം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന സർക്കാർ പ്രഖ്യാപനം ഇതുവരെ നടപ്പാക്കിയിട്ടില്ല. ജീവൻരക്ഷാ മാർഗമെന്ന നിലയിൽ എല്ലാവരും നീന്തൽ പഠിക്കേണ്ടത് അത്യാവശ്യമാണ്.