പതിനാറ് വർഷത്തിന് ശേഷം മോഹൻലാലിന്റെ സ്വപ്നമാളിക റിലീസിന്
മോഹൻലാലിനെ നായകനാക്കി നവാഗതനായ അഡ്വ. കെ.എ ദേവരാജ് സംവിധാനം ചെയ്ത സ്വപ്നമാളിക എന്ന ചിത്രം 16 വർഷത്തിന് ശേഷം റിലീസിന് ഒരുങ്ങുന്നു. ചില സാങ്കേതിക കാരണങ്ങളാലാണ് റിലീസ് വൈകിയത്. ചിത്രം ഒക്ടോബറിൽ റിലീസ് ചെയ്യുമെന്നാണ് സൂചന. വർഷങ്ങൾക്കു മുൻപ് മോഹൻലാൽ തർപ്പണം എന്ന പേരിൽ എഴുതിയ നോവലിന്റെ ചലച്ചിത്ര ആവിഷകാരമാണ്. 2008ൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ച സിനിമയിൽ മോഹൻലാൽ ഡോ. അപ്പു നായർ എന്ന അർബുദ രോഗ വിദഗ്ദ്ധന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. ഇസ്രായേലി താരം എലീനയും മീരാ ജാസ്മിനുമാണ് നായികമാർ. നെടുമുടി വേണു, ഇന്നസെന്റ്, ഷമ്മി തിലകൻ, കോട്ടയം നസീർ, ശിവജി ഗുരുവായൂർ, സാജു കൊടിയൻ, സുകുമാരി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. കരിമ്പിൽ ഫിലിംസിന്റെ ബാനറിൽ മോഹൻ ദാസ് കരിമ്പിൽ ആണ് നിർമ്മാണം.