ആലപ്പുഴ ഗവ.മെഡി. കോളേജിൽ ഒ ആൻഡ് ജി വിഭാഗത്തിന് തുടക്കം

Tuesday 15 July 2025 2:16 AM IST

അമ്പലപ്പുഴ: ആലപ്പുഴ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടെ ഒ ആൻഡ് ജി (ഒബ്സ്റ്റെട്രിക് ആൻഡ് ഗൈനക്കോളജി) വിഭാഗത്തിന് തുടക്കമായി. വേദനരഹിത പ്രസവം, ഒരേ സമയം 6 പ്രസവത്തിന് ആവശ്യമായ സൗകര്യം, പ്രസവ വാർഡിൽ 24 കിടക്ക സൗകര്യങ്ങൾ, എമർജൻസി ഓപ്പറേഷൻ തീയറ്ററുകൾ, ഒബ്സർവേഷന് വിശാലമായ സൗകര്യം, മരുന്ന് വിതരണത്തിനുള്ള സൗകര്യം എന്നിവയും ഇതിന്റെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്. നവജാത ശിശു വിഭാഗത്തിൽ മൂന്ന് ഐ .സി .യു സംവിധാനമാണുള്ളത്. 17 കിടക്ക സൗകര്യങ്ങളുമുണ്ട്. മാസം തികയാതെ പ്രസവിക്കുന്ന കുട്ടികൾ, അണുബാധയേറ്റ കുട്ടികൾ, സാധാരണ നിലയിൽ മതിയായ ആരോഗ്യത്തോടെയുള്ള കുട്ടികൾ എന്നിവർക്കുള്ള ചികിത്സക്കും പരിചരണത്തിനുമായി പ്രത്യേക സജ്ജീകരണങ്ങളുമുണ്ട്. എച്ച്.സലാം എം.എൽ.എ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.ബി.പത്മകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ.എ.ഹരികുമാർ, ആർ.എം.ഒ ഡോ.പി.എൽ.ലക്ഷ്മി, ഗൈനക്കോളജി വിഭാഗം മേധാവി ഡോ.സംഗീതമേനോൻ, അസോസിയേറ്റ് പ്രൊഫസർമാരായ ഡോ.ഒ.ജോസ്, ഡോ.പി.എസ്. അനസൂയ, ഡോ. റയ്ച്ചൽ അലക്സാണ്ടർ, അസി.പ്രൊഫ.ഡോ.തോമസ് കോശി,അസോസിയേറ്റ് പ്രൊഫസർമാരായ ഡോ.എം.പി.സലിം, ഡോ.പി .ആർ.ശ്രീലത, ഡോ.ഗോമതി, ഡോ.പി.എസ് .ഷാജഹാൻ എന്നിവർ പങ്കെടുത്തു.