നാലമ്പല തീർത്ഥാടനം: കൂടൽമാണിക്യത്തിൽ ഒരുക്കങ്ങൾ പൂർണം
ഇരിങ്ങാലക്കുട: നാലമ്പല തീർത്ഥാടനത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി കൂടൽമാണിക്യം ദേവസ്വം കമ്മിറ്റി ചെയർമാൻ അഡ്വ. സി.കെ. ഗോപി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൂടൽമാണിക്യം ക്ഷേത്രത്തിൽ പുലർച്ചെ 3.30ന് നടതുറക്കും. 12 വരെ നട തുറന്നിരിക്കും. ഇതിനിടെ പൂജകൾക്കു വേണ്ടി നട അടയ്ക്കും. വൈകിട്ട് 5.30 മുതൽ എട്ട് വരെയും നട തുറക്കും. ഭക്തജനങ്ങളുടെ തിരക്ക് അനുസരിച്ച് ചിലപ്പോൾ മാറ്റങ്ങൾ വരാമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.
ഭക്തർക്ക് മഴ നനയാതെ വരിനിൽക്കുന്നതിന് കിഴക്കെ ഗോപുരത്തിന് മുൻഭാഗം കുട്ടൻകുളം വരെ പന്തൽ നിർമ്മിക്കും. ക്ഷേത്രമതിൽക്കകത്ത് ക്യൂ നിൽക്കുന്ന ഭാഗങ്ങളിൽ 5000 പേർക്ക് ഇരിപ്പിട സൗകര്യവും ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിലെത്തുന്നവർക്ക് കുടിവെള്ളം, ഭക്ഷണം എന്നിവ നൽകുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരക്ക് കൂടുന്ന ദിവസങ്ങളിൽ വരിയിൽ നിന്നുതന്നെ വഴിപാട് ശീട്ടാക്കാൻ മൊബൈൽ കൗണ്ടറുകൾ ഉണ്ടാകും.
രാവിലെ നാലു മുതൽ എട്ടു വരെ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ ചുക്കുകാപ്പിയും വിതരണം ചെയ്യും. വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ദേവസ്വം കൊട്ടിലാക്കൽ മൈതാനവും മണിമാളിക സ്ഥിതി ചെയ്ത സ്ഥലവും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡും ഉപയോഗിക്കാം. പ്രാഥമിക സൗകര്യങ്ങൾക്ക് പാർക്കിംഗ് റൗണ്ടിലെ ടോയ്‌ലെറ്റുകൾക്ക് പുറമേ പടിഞ്ഞാറേ നടയിലും കൂടാതെ ഇ- ടോയ്ലറ്റ് സൗകര്യവും സി.സി ടിവി ക്യാമറകളും ഒരുക്കിയിട്ടുണ്ട്. ദർശനത്തിന് വരുന്ന അംഗപരിമിതർ, പ്രായം ചെന്നവർ എന്നിവർക്ക് പ്രത്യേക സൗകര്യമുണ്ടാകുമെന്നും ചെയർമാൻ അറിയിച്ചു.