വിദ്യാ‌ർത്ഥിനി ബസിൽ നിന്ന് വീണ സംഭവം: ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദാക്കി

Tuesday 15 July 2025 1:24 AM IST

ആലപ്പുഴ: സ്വകാര്യബസിൽ നിന്ന് തെറിച്ച്‌വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് മോട്ടോർ വാഹന വകുപ്പ് മൂന്ന് മാസത്തേക്ക് റദ്ദാക്കി. അപകടമുണ്ടാക്കിയ ആലപ്പുഴ-കഞ്ഞിപ്പാടം റൂട്ടിലോടുന്ന അൽഅമീൻ ബസ് ഡ്രൈവർ ജയകുമാർ, കണ്ടക്ടർ സുഭാഷ് എന്നിവരുടെ ലൈസൻസാണ് റദ്ദാക്കിയത്. എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ഡി. ജയരാജിന്റെ നേതൃത്വത്തിൽ ഇരുവരെയും ആർ.ടി.ഒ ഓഫീസിൽ വിളിച്ചുവരുത്തി വിശദീകരണം തേടിയെങ്കിലും തൃപ്തികരമില്ലായിരുന്നു. ബസ് ഡോറുകൾ തുറന്നുവച്ചാണ് സർവീസ് നടത്തിയതെന്നും ഡ്രൈവറുടെയും കണ്ടക്ടറുടെയും ഭാഗത്തുനിന്ന് ഗുരുതരവീഴ്ചയുണ്ടായതായും പ്രാഥമികഅന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഡോർ തുറന്നിട്ട് സർവീസ് നടത്തിയതിന് ബസിനും പിഴചുമത്തും. കഴിഞ്ഞദിവസം തിരുവമ്പാടിയിലെ സ്റ്റോപ്പിൽ ഇറങ്ങുന്നതിന് മുമ്പ് മുന്നോട്ടെടുത്ത സ്വകാര്യബസിൽനിന്ന് വീണ് പുന്നപ്ര സഹകരണ എൻജിനിയറിംഗ് കോളജിലെ വിദ്യാർത്ഥിയും തിരുവമ്പാടി അശ്വതിയിൽ റിട്ട.സി.ഐ വിനയകുമാറിന്റെ മകളുമായ ദേവീകൃഷ്ണക്ക് (23) പരിക്കേറ്റിരുന്നു. അശ്രദ്ധമായി വാഹനമോടിച്ചതിനും അപകടത്തിൽപ്പെട്ട

വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിക്കാത്തതിനും ജീവനക്കാർക്കെതിരെ സൗത്ത് പൊലീസ് കേസെടുത്തിരുന്നു.