ഫയൽ നീക്കം വരുതിയിലാക്കാൻ കേരള വി.സി

Tuesday 15 July 2025 12:14 AM IST

തിരുവനന്തപുരം : കേരള സർവകലാശാലയിലെ ഫയൽ നീക്കത്തിന്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കാനുള്ള നീക്കവുമായി വൈസ് ചാൻസലർ മോഹനൻ കുന്നുമ്മേൽ. കെൽട്രോണിന് പകരം ഡിജിറ്റൽ ഫയൽ പ്രോസസിംഗ് ചുമതല ഡിജിറ്റൽ സർവകലാശാലയ്ക്ക് നൽകാനാണ് ആലോചന. കഴിഞ്ഞദിവസം ഫയൽ പ്രോസസിംഗ് ചുമതല തനിക്ക് നൽകണമെന്ന വി സിയുടെ ആവശ്യം സ്വകാര്യ ഏജൻസി തള്ളിയിരുന്നു. ഫയൽ നീക്കവുമായി ബന്ധപ്പെട്ട ജോലി കെൽട്രോണാണ് തങ്ങളെ ഏൽപ്പിച്ചത്, അതിനാൽ കെൽട്രോൺ അധികൃതർ നിർദ്ദേശിക്കുന്നുവർക്ക് മാത്രമേ ഫയൽ ലഭ്യമാക്കാനാകൂവെന്ന നിലപാടാണ് കമ്പനി സ്വീകരിച്ചത്. പിന്നാലെയാണ് സിസ തോമസ് വി.സിയായ ഡിജിറ്റൽ സർവകലാശാലയ്ക്ക് ചുമതല നൽകാനുള്ള ആലോചന തുടങ്ങിയത്.

കഴിഞ്ഞ ദിവസം വി.സി ചുമതലപ്പെടുത്തിയ രജിസ്ട്രാറായ മിനി കാപ്പന് ഫയലുകൾ ലഭ്യമാക്കണമെന്ന നിർദേശമുണ്ടായിരുന്നു. എന്നാൽ ഇത് നടപ്പിലായില്ല. പകരം കെ.എസ്.അനിൽ കുമാർ തന്നെ ഫയലുകൾ നിയന്ത്രിച്ചു. അങ്ങനെയെങ്കിൽ തനിക്ക് നേരിട്ട് അയക്കണമെന്ന് മോഹനൻ കുന്നുമ്മേൽ കമ്പനിയോട് ആവശ്യപ്പെട്ടു. എന്നാൽ കെൽട്രോണുമായുള്ള കരാറിന് വിരുദ്ധമാണിതെന്ന് കമ്പനി നിലപാടെടുത്തു. ഇതോടെയാണ് ഡിജിറ്റൽ സർവകലാശാലയ്ക്ക് ചുമതല നൽകാനുള്ള നീക്കം.