ഓണം സ്‌പെഷ്യല്‍ ടൂറിസ്റ്റ് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ; നിരക്കുകള്‍ ഇങ്ങനെ

Tuesday 15 July 2025 12:13 AM IST

കൊച്ചി: ഇന്ത്യന്‍ റെയില്‍വേയുടെ ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള ടൂര്‍ ടൈംസ്, ഓണം സ്പെഷ്യല്‍ എ.സി ടൂറിസ്റ്റ് ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 28ന് ആരംഭിക്കുന്ന കോറമാണ്ടല്‍ തീരം വഴിയുള്ള 11 ദിവസം നീളുന്ന യാത്ര അരക്ക് വാലി, സുന്ദര്‍ബന്‍സ്, കൊല്‍ക്കൊത്ത, ഭുവനേശ്വര്‍, ബോറ ഗുഹകള്‍, വിശാഖപട്ടണം, കൊണാര്‍ക്ക് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും.

ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ക്കാടായ സുന്ദര്‍ബന്‍സിലാണ് രാത്രി താമസം. കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനിന് കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം, കോട്ടയം, കൊല്ലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.

അറിയിപ്പുകള്‍ക്കായുള്ള പി.എ സിസ്റ്റംസ് ഓണ്‍ബോര്‍ഡ്, കോച്ച് സെക്യൂരിറ്റി, ടൂര്‍ മാനേജര്‍, യാത്രാ ഇന്‍ഷ്വറന്‍സ്, ഹോട്ടലുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സന്ദര്‍ശനം, വാഹനസൗകര്യങ്ങള്‍, അണ്‍ലിമിറ്റഡ് ദക്ഷിണേന്ത്യന്‍ ഭക്ഷണം എന്നീ സൗകര്യങ്ങളുണ്ടാകും.

യാത്രക്കാര്‍ക്ക് എല്‍.ടി.സി-എല്‍.എഫ്.സി സൗകര്യവും ലഭിക്കും. റെയില്‍വേയുടെ 33 ശതമാനം സബ്സിഡി നേടാനാകും. സ്ലീപ്പര്‍ ക്ലാസ് പാക്കേജ് 26,700 രൂപ മുതലാണ്. തേര്‍ഡ് എ.സി ജനത 29,800 രൂപ, തേര്‍ഡ് എ.സി 36,700 രൂപ, സെക്കന്‍ഡ് എ.സി 44,600 രൂപ, ഫസ്റ്റ് എ.സി 50,400 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍.