കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം യമുനയിൽ, മരിച്ചത് ത്രിപുര സ്വദേശി സ്‌നേഹ ദേബ്‌നാഥ്

Tuesday 15 July 2025 1:03 AM IST

കാണാതായത് ജൂലായ് 7ന്

ന്യൂഡൽഹി: ആറു ദിവസം മുൻപ് കാണാതായ ഡൽഹി സർവകലാശാല വിദ്യാർത്ഥിനി സ്നേഹ ദേബ്‌നാഥിന്റെ (19) മൃതദേഹം യമുന നദിയിൽ നിന്ന് കണ്ടെത്തി. ഡൽഹിയിലെ ഗീത കോളനി ഫ്‌ളൈ ഓവറിന് സമീപത്ത് നിന്നാണ് മൃതദേഹം കിട്ടിയത്. ജൂലായ് എഴിനാണ് സ്‌നേഹയെ കാണാതായത്. ത്രിപുര സ്വദേശിയായ സ്‌നേഹ പഠനത്തിനായാണ് ഡൽഹിയിലെത്തിയത്. ഡൽഹിയിലെ ആത്മ റാം സനാതൻ ധർമ കോളേജിലെ രണ്ടാം വർഷ ബി.എസ്‌സി മാത്‌സ് വിദ്യാർത്ഥിനിയാണ്. സ്‌നേഹയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതായി നേരത്തെ കുടുംബം അറിയിച്ചിരുന്നു. ഡൽഹിയിലെ സിഗ്നേച്ചർ പാലത്തിൽ നിന്ന് ചാടി ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്ന സൂചന കത്തിലുണ്ടെന്ന് കുടുംബം പറഞ്ഞു. താനൊരു പരാജയമാണെന്നും ഭാരമാണെന്നും തോന്നുന്നതായും ഇങ്ങനെ ജീവിക്കുന്നത് അസഹനീയമാണെന്നും കത്തിലുണ്ട്. മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും കത്തിൽ പറയുന്നു. ജൂലായ് ഏഴിന് രാവിലെ 5.56ന് സുഹൃത്തിനെ സരായി റോഹില്ല റെയിൽവേ സ്‌റ്റേഷനിൽ ഇറക്കാൻ പോകുകയാണെന്ന് സ്‌നേഹ അമ്മയയെ വിളിച്ച് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അമ്മ സ്‌നേഹയെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു. സ്‌നേഹ സുഹൃത്തിനെ കണ്ടില്ലെന്ന് അന്വേഷത്തിൽ കണ്ടെത്തി. സ്‌നേഹ വിളിച്ചതനുസരിച്ച് വന്ന കാർ ഡ്രൈവറാണ് പെൺകുട്ടി പോയത് റെയിൽവേ സ്‌റ്റേഷനിലേക്കല്ലെന്നും സിഗ്നേച്ചർ പാലത്തിനടുത്തേക്കാണെന്നും കുടുംബത്തെ അറിയിച്ചത്. ജൂലായ് 9ന് ക്രൈംബ്രാഞ്ചിന്റെ നിർദേശപ്രകാരം ദേശീയ ദുരന്തനിവാരണ സേന 7 കിലോമീറ്റർ ചുറ്റളവിൽ തെരച്ചിൽ നടത്തിയെങ്കിലും സ്‌നേഹയെ കണ്ടെത്താനായില്ല. ജൂലായ് ഏഴിന് പുലർച്ചെ സ്‌നേഹ തന്റെ ചില സുഹൃത്തുക്കൾക്ക് ഇ-മെയിലുകളും സന്ദേശങ്ങളും അയച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഏതാനും മാസങ്ങളായി സ്‌നേഹ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞു.