കരുത്ത് കാട്ടി എ.കെ.ടി.എ പ്രകടനം

Tuesday 15 July 2025 1:05 AM IST

കൊല്ലം: കൊല്ലം നഗരത്തിൽ സ്ത്രീസാഗരം സൃഷ്ടിച്ച് എ.കെ.ടി.എ പ്രകടനം. സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് വൈകിട്ട് 3.30 ഓടെ കന്റോൺമെന്റ് മൈതാനത്തിൽ നിന്ന് ആരംഭിച്ച മാർച്ച്‌ ആശ്രാമം മൈതാനത്ത് സമാപിച്ചു. ചുവപ്പും വെള്ളയും വേഷത്തിൽ അണിനിരന്ന വോളണ്ടിയർമാർക്ക് തൊട്ടുമുന്നിൽ ശിങ്കാരി മേളത്തോടൊപ്പം മുത്തുക്കുടകളും അണിനിരന്നു. പിന്നാലെ മുദ്രാവാക്യങ്ങൾ മുഴക്കി പ്രവർത്തകർ ഒത്തുചേർന്നപ്പോൾ നഗരം വർണശബളമായി. സ്കേറ്റിംഗ് ഷൂ ധരിച്ച്‌ മാർച്ചിന് മുന്നിൽ അണിനിരന്ന കുട്ടികൾ നിരത്തിൽ കൗതുകം നിറച്ചു. ആയിരക്കണക്കിന് പുരുഷ പ്രവർത്തകരും പ്രകടനത്തിൽ അണിനിരന്നിരുന്നു.

ഗതാഗതം വഴി തിരിച്ചുവിട്ടതിനാൽ തടസമില്ലാതെ മാർച്ച് മുന്നേറി. ഇരുപതിനായി​ര​ത്തി​ലേ​റെ​ ​സ്ത്രീ​ക​ൾ​ ​അ​ണി​നി​ര​ന്ന​ ​പ്ര​ക​ട​ന​ത്തി​നും​ ​പി​ന്നാ​ലെ​യാ​ണ് ​വി​വി​ധ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​നി​ന്നെ​ത്തി​യ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പൊ​തു​സ​മ്മേ​ള​ന​ ​ന​ഗ​രി​യാ​യ​ ആശ്രാമം മൈതാനിയിലേക്ക് എത്തിച്ചേർന്നത്. പ്രകടനം സമാപിച്ച ശേഷം സംസ്ഥാന പ്രസിഡന്റ് കെ.സോമൻ പതാക ഉയർത്തി. പ്രകടനത്തിന്റെ മുൻനിരയിൽ ജില്ലാ സെക്രട്ടറി സജീവൻ, സംസ്ഥാന പ്രസിഡന്റ് കെ.സോമൻ, സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി.ബാബു, ട്രഷറർ ജി കാർത്തികേയൻ, സംസ്ഥാന വൈസ് പ്രസിഡന്റ് സതികുമാർ, പ്രകാശൻ, ജനാർദ്ദനൻ തുടങ്ങിയവർ അണിനിരന്നു.