കന്നേറ്റി ശ്രീനാരായണ പവലിയൻ സ്വകാര്യ വ്യക്തികൾക്ക് തീറെഴുതാൻ നീക്കം
കൊല്ലം: പ്രസിദ്ധമായ കന്നേറ്റി ശ്രീനാരായണ ട്രോഫി ജലോത്സവത്തിന്റെ സംഘാടനത്തെ പ്രതിസന്ധിയിലാക്കി കന്നേറ്റി ശ്രീനാരായണ പവലിയൻ സ്വകാര്യ വ്യക്തികൾക്ക് തീറെഴുതാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നീക്കം. പവലിയൻ സ്വകാര്യ വ്യക്തികളുടെ കൈയിലായാൽ ശ്രീനാരായണ ട്രോഫി ജലോത്സവത്തിന്റെ സംഘാടനത്തിന് കരാറുകാർക്ക് എല്ലാവർഷവും വൻതുക വാടക നൽകേണ്ടി വരും.
പൂർണമായും എസ്.എൻ.ഡി.പിയോഗം കരുനാഗപ്പള്ളി യൂണിയന്റെ നേതൃത്വത്തിലാണ് നേരത്തെ ശ്രീനാരായണ ട്രോഫി ജലോത്സവം നടത്തിയിരുന്നത്. ജലോത്സവം കൂടുതൽ ഗംഭീരമായി സംഘടിപ്പിക്കാൻ യൂണിയൻ നടത്തിയ ഇടപെടലിന്റെ ഭാഗമായാണ് കന്നേറ്റി പാലത്തോട് ചേർന്നുള്ള പവലിയൻ നിർമ്മിച്ചത്. പവലിയൻ നിർമ്മിക്കാൻ യൂണിയൻ ഭാരവാഹികൾ പലവാതിലുകൾ മുട്ടി. അതിനിടയിൽ കെ.സി. വേണുഗോപാൽ കേന്ദ്ര വ്യോമയാന സഹമന്ത്രിയായിരിക്കെ അദ്ദേഹത്തിനും നിവേദനം നൽകി. തുടർന്ന് കെ.സി.വേണുഗോപാലിന്റെ നിർദ്ദേശ പ്രകാരം യൂണിയൻ ഭാരവാഹികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് കളക്ടർ യോഗം വിളിച്ചു. കെ.സി. വേണുഗോപാലിന്റെ എം.പി ഫണ്ടിൽ നിന്ന് പിന്നീട് പണം നൽകാമെന്ന വ്യവസ്ഥയിൽ ഇൻലാൻഡ് നാവിഗേഷൻ വകുപ്പ് പവലിയൻ നിർമ്മിക്കാൻ തീരുമാനിച്ചു. നിർമ്മാണം പൂർത്തിയായതോടെ പരിപാലനം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കൈമാറുകയായിരുന്നു.
മൂന്നുമാസം മുമ്പേ ജലോത്സവ ഒരുക്കം
എല്ലാവർഷവും ഗുരുദേവ ജയന്തി ദിനത്തിൽ നടക്കുന്ന ശ്രീനാരായണ ജലോത്സവത്തിന്റെ ഒരുക്കം മൂന്നുമാസം മുമ്പേ നടക്കും. പവലിയനിൽ വച്ച് നിരന്തരം സംഘാടകസമിതി യോഗങ്ങളും പ്രചാരണ പരിപാടികളും നടക്കും. സ്വകാര്യ വ്യക്തികളുടെ കൈയിലായാൽ ജലോത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം താറുമാറാകും.
ജലോത്സവം കൂടുതൽ വിപുലമായതോടെ അതിനുള്ള ഫണ്ട് പൂർണമായും എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയനെ കൊണ്ട് കണ്ടെത്താൻ കഴിയാത്ത അവസ്ഥയായി. ഇതോടെ എം.എൽ.എ, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി, എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ജനകീയ കമ്മിറ്റിയാണ് ജലോത്സവം സംഘടിപ്പിക്കുന്നത്. ശ്രീനാരായണ പവലിയൻ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെ കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ കളക്ടർ, ഡി.ടി.പി.സി സെക്രട്ടറി എന്നിവർക്ക് പരാതി നൽകി.
ജനകീയ പ്രതിഷേധത്തിന് ഒരുക്കം
കന്നേറ്റി ശ്രീനാരായണ പവലിയൻ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ പ്രതിഷേധത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.