കരുനാഗപ്പള്ളിയിൽ അക്ഷര മഹാസംഗമം

Tuesday 15 July 2025 1:16 AM IST

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച അക്ഷര മഹാസംഗമം സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഹരിത സാവിത്രി ഉദ്ഘാടനം ചെയ്തു.

ഒരു മാസക്കാലം നീണ്ടുനിന്ന വായനാ പക്ഷാചരണത്തിന്റെ ഭാഗമായി താലൂക്കിലെമ്പാടുമുള്ള ഗ്രന്ഥശാലകൾ നടത്തിയ ആയിരത്തിലധികം പരിപാടികൾക്ക് സമാപനം കുറിച്ചാണ് അക്ഷര മഹാസംഗമം സംഘടിപ്പിച്ചത്.

കരുനാഗപ്പള്ളി ബോയ്സ് ഹൈസ്കൂൾ അങ്കണത്തിലെ ജീവതാളം വേദിയിൽ നടന്ന പരിപാടിയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കടത്തൂർ മൻസൂർ അദ്ധ്യക്ഷനായി. താലൂക്ക് സെക്രട്ടറി വി. വിജയകുമാർ വിഷൻ - 2026 പ്രവർത്തനരേഖ അവതരിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ, ജില്ലാ സെക്രട്ടറി ഡി. സുകേശൻ, എക്സിക്യൂട്ടീവ് അംഗം വി.പി. ജയപ്രകാശ് മേനോൻ, സംസ്ഥാന കൗൺസിൽ അംഗം പ്രദീപ്, അനിൽ പുത്തേഴം എന്നിവർ സംസാരിച്ചു.

ചടങ്ങിൽ മികച്ച ഗ്രന്ഥശാലാപ്രവർത്തകൻ വി.എസ്. വിനോദ്, സെക്രട്ടറി നേഹ, ലൈബ്രറിയൻ കല, ഇൻസ്റ്റാ റീഡർ ജേതാവ് ആരിത സുകുമാരൻ, ഗ്രാമദീപം പുരസ്കാര ജേതാവ് യമുന ഹരീഷ്, ബാർ കൗൺസിൽ പ്രസിഡന്റ് അഡ്വ. പി.ബി. ശിവൻ, തഹസിൽദാർ എ.ആർ. അനീഷ് എന്നിവരെ ആദരിച്ചു. നാലാം ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ പോസ്റ്റർ പ്രകാശനം സ്പാനിഷ് സാമൂഹ്യ പ്രവർത്തകനും അദ്ധ്യാപകനുമായ ഡോ. ഇവാൻ നിർവഹിച്ചു.