അബലാശരണത്തിന്റെ ഭൂമിക്ക് പട്ടയം കൈമാറി

Tuesday 15 July 2025 1:43 AM IST

കൊച്ചി: ശുദ്ധമായ ചാരിറ്റിയെന്ന വാക്കിന്റെ അർത്ഥം പുതുതലമുറയ്‌ക്ക് പാഠപുസ്തകം പോലെ വായിച്ചെടുക്കാവുന്ന പ്രസ്ഥാനമാണ് ഒരു നൂറ്റാണ്ടിലേറെയായി എറണാകുളത്ത് പ്രവർത്തിക്കുന്ന അബലാശാരണം ഗേൾസ് ഇൻഡസ്ട്രിയിൽ സ്കൂൾ എന്ന് മന്ത്രി കെ. രാജൻ പറഞ്ഞു.

തപസ്വിനിയമ്മ എന്ന സന്യാസിനി സ്ഥാപിച്ച അബലാശരണത്തിന് 1921ൽ കൊച്ചി മഹാരാജാവ് ദാനമായി നൽകിയ 8സെന്റ് ഭൂമിക്ക് ഈ സർക്കാർ അനുവദിച്ച പട്ടയം എസ്.എൻ.വി ട്രസ്റ്റ് ചെയർമാൻ പ്രൊഫ.എം.കെ. സാനുവിന് കൈമാറി സംസാരിക്കുകയായിരുന്നു മന്ത്രി.

റവന്യൂ മന്ത്രിയായി ചുമതലയേറ്റ ആദ്യദിവസങ്ങളിൽ പ്രൊഫ.എം.കെ. സാനുവിന് നൽകിയ വാക്കുപാലിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു. പതിറ്റാണ്ടുകളായി മാറിമാറി ഭരിച്ച സർക്കാരുകളുടെ മുമ്പിൽ പട്ടയത്തിനുവേണ്ടി സമർപ്പിച്ച അപേക്ഷകൾ പലകാരണങ്ങളാൽ നിരസിക്കുകയായിരുന്നു. 2025മാർച്ച് 18ന് ചേർന്ന മന്ത്രിസഭായോഗം പട്ടയം അനുവദിച്ചു.

വർഷങ്ങളായി ഉദ്യോഗസ്ഥ തലത്തിൽ തട്ടിക്കളിച്ച ഫയൽ അതിവേഗം തീർപ്പുകല്പിച്ച സർക്കാരിനോടും വിശേഷിച്ച് റവന്യു മന്ത്രി കെ.രാജൻ, പി.രാജീവ് എന്നിവരോടും നന്ദിയും കടപ്പാടുമുണ്ടെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച പ്രൊഫ.എം.കെ. സാനു പറഞ്ഞു. മന്ത്രി പി.രാജീവ് ചടങ്ങിൽ സന്നിഹിതനായി. ടി.ജെ.വിനോദ് എം.എൽ.എ, ജില്ല കളക്ടർ എൻ.എസ്.കെ. ഉമേഷ്, കേരള ഹൈക്കോടതി സീനിയർ അഭിഭാഷക പി.പി. സീമന്തിനി തുടങ്ങിയവർ പ്രസംഗിച്ചു. സദനം സെക്രട്ടറി എം.ആർ. ഗീത സ്വാഗതം പറഞ്ഞു.