ഏഴ് സർക്കാർ ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
Tuesday 15 July 2025 3:05 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു. അതിൽ മൂന്ന് ആരോഗ്യ സ്ഥാപനങ്ങൾക്ക് പുതുതായി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാന്റേർഡ്സ് (എൻ.ക്യു.എ.എസ് ) അംഗീകാരവും നാലെണ്ണത്തിന് മൂന്ന് വർഷങ്ങൾക്ക് ശേഷം പുതുക്കിയ എൻ.ക്യു.എ.എസ് അംഗീകാരവുമാണ് ലഭിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ 233 ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻ.ക്യു.എ.എസ് അംഗീകാരം ലഭിച്ചു.
തൃശൂർ ഏങ്ങണ്ടിയൂർ കുടുംബാരോഗ്യ കേന്ദ്രം,തൃശൂർ മണലൂർ കുടുംബാരോഗ്യ കേന്ദ്രം,കൊല്ലം വേളമാനൂർ ജനകീയ ആരോഗ്യ കേന്ദ്രം എന്നീ ആരോഗ്യ കേന്ദ്രങ്ങൾക്കാണ് പുതുതായി അംഗീകാരം ലഭിച്ചത്. തൃശൂർ കൊടകര കുടുംബാരോഗ്യ കേന്ദ്രം,തൃശൂർ മുണ്ടൂർ കുടുംബാരോഗ്യ കേന്ദ്രം,കോഴിക്കോട് കല്ലുനിര വടകര നഗര കുടുംബാരോഗ്യ കേന്ദ്രം,കോഴിക്കോട് പയ്യാനക്കൽ നഗര കുടുംബാരോഗ്യ കേന്ദ്രം എന്നിങ്ങനെ പുനഃഅംഗീകാരവും ലഭിച്ചു.